നടന്‍മോഹന്‍ലാലിനോട് ഒത്തുതീര്‍പ്പിന് തയ്യാറെന്ന് സുകുമാര്‍ അഴീക്കോട്. മോഹന്‍ലാലിനോട് തനിക്ക് വിരോധമൊന്നുമില്ലെന്നും  ഒരു ചാനല്‍ അഭിമുഖത്തില്‍ അഴീക്കോട് പറഞ്ഞു.

‘കേസ് ഒത്തുതീര്‍പ്പാക്കിക്കൂടേ എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും എന്നെ സമീപിച്ചിട്ടില്ല. ഞാനങ്ങോട്ട് പോകേണ്ട ആവശ്യമില്ലല്ലോ. മോഹന്‍ലാലിനോട് എനിക്ക് യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന്റെ താരപ്രഭയില്‍ മയങ്ങി ഞാന്‍ അങ്ങോട്ട് പോയി ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടില്ല’ അഴീക്കോട് പറഞ്ഞു.

Subscribe Us:

നടന്‍ തിലകനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായ വിവാദത്തില്‍ അഴീക്കോട് തിലകന്റെ പക്ഷം ചേര്‍ന്നു സംസാരിച്ചത് ഒടുവില്‍ മോഹന്‍ലാല്‍- അഴീക്കോട് വാക്പയറ്റായി മാറുകയായിരുന്നു.

അഴീക്കോടിന് മതിഭ്രമം ബാധിച്ചുവെന്നും എന്തോ കുഴപ്പമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സുകുമാര്‍ അഴീക്കോട് ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മോഹന്‍ലാലിന് തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു. ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്ന ആളാണ് താനെന്നും മതിഭ്രമം എന്ന വാക്ക് പ്രയോഗിക്കുകവഴി തന്റെ സല്‍പേരും വിശ്വാസ്യതയും നശിപ്പിച്ചെന്നുമായിരുന്നു അഴീക്കോടിന്റെ വാദം.