മോഹന്‍ലാല്‍ നായകനാകുന്ന ബ്ലെസിയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡിന്റെ അഭിനയസമ്രാട്ട് അനുപം ഖേര്‍ അഭിനയിക്കുന്നു. പ്രണയം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാലും അനുപം ഖേറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 1990ല്‍ പുറത്തിറങ്ങിയ ഇന്ദ്രജാലം, 2001ല്‍ പുറത്തിറങ്ങിയ പ്രജ എന്നീ ലാല്‍ ചിത്രങ്ങളിലാണ് അനുപം ഖേര്‍ ഇതിനുമുന്‍പ് അഭിനയിച്ചിട്ടുള്ളത്. ഇതിലെല്ലാം ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ പ്രണയത്തില്‍ പ്രധാനപ്പെട്ട വേഷത്തിലാണ് അനുപം ഖേര്‍ എത്തുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. തന്മാത്ര, ഭ്രമരം എന്നീ ചിത്രങ്ങളാണ് മൂന്‍പത്തേത്. ഈ ചിത്രങ്ങളെല്ലാം വന്‍ വിജയവുമായിരുന്നു.

മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പോയകാലത്തെ പ്രണയം തന്നെയാണ് സിനിമയുടെ പ്രമേയം. കൊച്ചിയിലാണ് ചിത്രീകരണം നടക്കുക.

ഒ.എന്‍.വി രചിക്കുന്ന പ്രണയത്തിലെ ഗാനങ്ങള്‍ക്ക് ജയചന്ദ്രന്‍ ഈണം പകരും. സതീഷ് കുറുപ്പ് എന്ന ക്യാമറാമാനെ കൂടി ബ്ലസി മലയാളത്തിന് സമ്മാനിയ്ക്കുകയാണ് ഈ ചിത്രത്തിലൂടെ.