മഹാഭാരതകഥയെ ആരും കാണാത്തരീതിയില്‍ പാണ്ഡവരില്‍ രണ്ടാമനായ ഭീമസേനന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന രണ്ടാമൂഴം വായിച്ചവര്‍ക്കാര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കൃതിയാണ്. മലയാള സാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ അഭ്രപാളിയിലേക്ക്.

എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് പിന്നാലെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. രണ്ടാമൂഴത്തിലെ ഭീമസേനന്‍ മറ്റാരുമല്ല, മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലാണ്. ദുര്യോധനാകട്ടെ മമ്മൂട്ടിയും. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കും.

എം ടി രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിതെന്നാണ് സൂചന. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുമെന്നറിയുന്നു.

പഴശ്ശിരാജയെക്കാള്‍ പത്തുമടങ്ങ് വലിയ ഒരു സിനിമയാക്കി രണ്ടാമൂഴത്തെ മാറ്റാനാണ് ഹരിഹരന്റെയും ടീമിന്റെയും ശ്രമം. പാണ്ഡവരുടെ വനവാസക്കാലവും മറ്റും ചിത്രീകരിക്കുന്നത് രാജ്യത്തെ നിബിഡ വനാന്തരങ്ങളിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജന്‍മം കൊണ്ടും നിയോഗം കൊണ്ടും രണ്ടാമനായ ഭീമസേനനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. ദുര്യോധനനെ അവതരിപ്പിക്കുന്ന മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനാണ്. ഭീമനും ദുര്യോധനനും തമ്മിലുള്ള ഗദായുദ്ധം ഈ സിനിമയുടെ ക്ലൈമാക്‌സ് ത്രില്‍ ആയിരിക്കും.