എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലീഷ് മാസികയുടെ ഏപ്രില്‍ ഫൂള്‍: മോഹന്‍ലാല്‍ മദ്യത്തിന് അടിമ, അഭിനയം നിര്‍ത്തുന്നു
എഡിറ്റര്‍
Monday 2nd April 2012 9:30am

മോഹന്‍ലാല്‍ മദ്യത്തിന് അടിമയെന്ന് റിപ്പോര്‍ട്ട്. ഒരു ഇംഗ്ലീഷ് മാസികയുടെ കവര്‍സ്‌റ്റോറിയിലാണ് മോഹന്‍ലാല്‍ മദ്യത്തിന് അടിമയാണെന്നും അഭിനയ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്നും വാര്‍ത്ത കൊടുത്തത്. മാസികയുടെ പ്രധാന ഉപദേശകന്‍ മമ്മൂട്ടിയാണെന്നും മാസിക തന്നെ അവകാശപ്പെടുന്നു.

ഇതാണ് ഇത്തവണത്തെ ഫോര്‍വേഡ് മാഗസിനിന്റെ ഏപ്രില്‍ ഫൂള്‍ സ്റ്റോറി. എന്തായാലും ലാലിനെ മദ്യത്തിനടിമയെന്ന് പ്രഖ്യാപിച്ച് മാഗസീന്‍ നല്‍കിയ സ്റ്റോറി ലാലേട്ടന്‍ ഫാന്‍സിന് അത്ര ദഹിച്ചിട്ടില്ല. മാഗസീന്‍ പുറത്തെത്തുകയും ഇന്റര്‍നെറ്റില്‍ കോപ്പി പ്രചരിക്കുകയും ചെയ്തതോടെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഇറങ്ങിയ പ്രത്യേക ഏഡിഷനാണിതെന്നും ഇന്നിറങ്ങുന്ന പുതിയ ലക്കത്തില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള സത്യാവസ്ഥയുണ്ടെന്നും മാഗസീന്‍ അധികൃതര്‍ പിന്നീട് വ്യക്തമാക്കി.

ലാല്‍ മദ്യപാന ചികിത്സയ്ക്കായി ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലെത്തിയെന്നാണ് കവര്‍ സ്റ്റോറിയിലുള്ളത്. ആശുപത്രിയില്‍ ലാലിനെ ചികിത്സിക്കാനെത്തിയ ബ്രിട്ടീഷ് വിദഗ്ധന്‍ നല്‍കിയ വിവരമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ലാലിന്റെ മദ്യപാനം മൂലം തന്റെ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞെന്നും മാഗസീന്‍ വെളിപ്പെടുത്തുന്നു.

മദ്യാസക്തികൊണ്ട് ലാല്‍ അഭിനയം നിര്‍ത്തുവെന്ന തരത്തില്‍ മാഗസീനില്‍ വാര്‍ത്ത വന്നതോടെ സിനിമാ രംഗത്ത് ആകപ്പാടെ അമ്പരപ്പായി. പിന്നീടാണ് ഇത് ഏപ്രില്‍ഫൂള്‍ പരിപാടിയാണെന്ന് മനസിലായത്. മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയുടെ കഥയുമായി ബന്ധപ്പെട്ട വിവരമാണിതെന്നും യഥാര്‍ഥ ജീവിതവുമായി ഇതിന് ബന്ധമില്ലെന്നും പറയുന്ന മാഗസീന്റെ യഥാര്‍ത്ഥ പതിപ്പ് ഇന്ന് പുറത്തിറങ്ങും.

അതേസമയം ഈ വാര്‍ത്തയില്‍ സത്യമുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വാര്‍ത്ത വിവാദമായപ്പോള്‍ തടിയൂരാനാണ് മാഗസീന്‍ വിശദീകരണവുമായി രംഗത്തെത്തിയതെന്നും പ്രചാരണങ്ങളുണ്ട്.

Advertisement