കോഴിക്കോട്: ചികിത്സ നിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ വൈകാരിക പ്രകടനവുമായി മോഹനന്‍ വൈദ്യര്‍ സോഷ്യല്‍ മീഡിയകളില്‍. തന്നോട് ചികിത്സ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുംവരെ ഇനി ചികിത്സിക്കില്ലെന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ മോഹനന്‍ വൈദ്യര്‍ പറയുന്നത്.

മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്കും അദ്ദേഹം നടത്തുന്ന വസ്തുതാവിരുദ്ധവും അശാസ്ത്രീയവുമായ പ്രചരണങ്ങള്‍ക്കും എതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചികിത്സ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെതിരെ പൊതുവികാരം സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ടാണ് വൈകാരിക പ്രകടനവുമായി മോഹനന്‍ വൈദ്യര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

ശബ്ദമിടറിയും ആകെ പരവശാനായുമൊക്കെയാണ് വീഡിയോയില്‍ മോഹനന്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ ചികിത്സ നിര്‍ത്തിവെയ്ക്കാന്‍ ഡി.എം.ഒയുടെയും എസ്.പിയുടെയും നിര്‍ദേശമുണ്ടെന്നും തന്നോട് ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് പറയുന്നത്. ഇവിടെ ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞ് തന്നോട് ആശുപത്രിയുടെ ഗേറ്റിനു പുറത്തുപോകാന്‍ പറഞ്ഞെന്നും ജനങ്ങള്‍ക്കിനി ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉത്തരവോടുകൂടി മാത്രമേ താനിനി ചികിത്സിക്കൂ എന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.


Also Read: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് പബ്ലിസിറ്റി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി: വേദിയില്‍ നോട്ടുയര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം


‘ഇന്ന് രാവിലെ ഡി.എം.ഒയുടെ നിര്‍ദേശ പ്രകാരവും എസ്.പിയുടെ നിര്‍ദേശപ്രകാരവും ഔദ്യോഗികമായി മോഹനന്‍ വൈദ്യന്‍ ഈ ആശുപത്രിയില്‍ വരാന്‍ പാടില്ല എന്നും ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നിടത്ത് വൈദ്യര്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. ഡോക്ടര്‍ നോക്കിക്കോട്ടെ. അവരാണ് ഈ ആശുപത്രി ഓടിക്കുന്നത്. ഒരു സിദ്ധ വൈദ്യ ഡോക്ടറും ഒരു ആയുര്‍വേദ ഡോക്ടറും ഇവിടെയിരിപ്പുണ്ട്. അവരെന്നെ അഡൈ്വസിന് വിളിച്ചതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍. താന്‍ ഇവിടെ ഇരിക്കാന്‍ പാടില്ല ഗേറ്റിനു വെളിയില്‍ പോകാന്‍ പറഞ്ഞു. അതുകൊണ്ട് എന്നെ ഇവിടെനിന്നും പുറത്താക്കി.

ഇത് 26ാം തിയ്യതിയത്തെ സമരത്തിന്റെ ഒരു റിഹേഴ്‌സലായാണ് ഞാന്‍ ഇതിനെ കാണുന്നത്. അങ്ങനെ ഇന്നുമുതല്‍ ഔദ്യോഗികമായി മോഹനന്‍ വൈദ്യന്‍ ചികിത്സ നിര്‍ത്തിയിരിക്കുന്നു. ഗവണ്‍മെന്റിന്റെ നിയമം നടക്കട്ടെ. ബാക്കിയെന്തെങ്കിലും ജനങ്ങള്‍ക്കിനി ആവശ്യമുണ്ടെങ്കില്‍ ഗവണ്‍മെന്റിന്റെ ഉത്തരവോടുകൂടി മാത്രമേ ഇനി ഞാന്‍ ചികിത്സിക്കൂ. അത് എന്താ വേണ്ടതെന്ന് തീരുമാനിക്കും. ഈ ആശുപത്രിയില്‍ കിടന്ന പത്തുനാല്‍പ്പതോളം രോഗികളുണ്ട്, അവരേയും നിര്‍ത്തിവെച്ചിരിക്കുന്നു. ഇനി അടുത്തയാഴ്ച കൊയിലാണ്ടിയിലും ഞാന്‍ , ഇനി അങ്ങോട്ടും പോകാന്‍ പാടില്ല. അവരെന്നെ ഇറക്കി വിടുന്നതിനു മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. ഈ വാര്‍ത്ത എല്ലാ പൊതുജനങ്ങളേയും രോഗികളേയും അറിയിക്കുന്നു.

സര്‍ക്കാര്‍ ഉത്തരവോടുകൂടി മാത്രമേ ഇനി ചികിത്സിക്കൂ. ഇനി അടുത്തയാഴ്ച കൊയിലാണ്ടിയിലുള്ളതും ഞാന്‍, ഇനി അങ്ങോട്ടും പോകാന്‍ പറ്റില്ല. ‘ മോഹനന്‍ വൈദ്യര്‍ പറയുന്നു.

തന്റെ ചികിത്സാ രീതിയ്ക്ക് ആവശ്യമായ പബ്ലിസിറ്റി നല്‍കുന്നതിന് മോഹനന്‍ വൈദ്യര്‍ സോഷ്യല്‍ മീഡിയകളെ വളരെയധികം ഉപയോഗിച്ചിരുന്നു. വാട്‌സ്ആപ്പിലൂടെയും മറ്റും മോഹനന്‍ വൈദ്യര്‍ നടത്തുന്ന അശാസ്ത്രീയമായ അഭിപ്രായ പ്രകടനങ്ങള്‍ വളരെയധികം പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ പരാതികള്‍ ഉയര്‍ന്നത്.

മോഹനന്‍ വൈദ്യരുടെ ചികിത്സാ രീതി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ഹാനികരവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. മോഹനന്‍ വൈദ്യരുടെ ഉടമസ്ഥതയിലുള്ള കായംകുളത്തെ നാട്ടുവൈദ്യശാലയില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.