തൃശ്ശൂര്‍: യുവചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂര്‍ അന്നമനടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് രാവിലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉച്ചയ്ക്ക് രണ്ടരമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

ടി.ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6ബി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോന്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും നേടിയിരുന്നു.

Subscribe Us:

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും മധുര കാമരാജ് സര്‍വകലാശാലയിലും പഠിച്ചശേഷം ടിവി സീരിയലുകള്‍ക്ക് തിരക്കഥയൊരുക്കിയാണ് മോഹന്‍ രാഘവന്‍ കലാരംഗത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് നിരവധി സീരിയലുകള്‍ക്ക് തിരക്കഥയൊരുക്കിയ മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ‘ഡയറി ഓഫ് എ ഹൗസ് വൈഫ’് എന്ന ഹൃസ്വചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

തൃശ്ശൂര്‍ അന്നമനട കല്ലൂര്‍ വടക്കേടത്ത് പരേതനായ രാഘവന്റെയും അമ്മിണിയുടെയും മകനാണ് മോഹന്‍ രാഘവന്‍. അവിവാഹിതനാണ്.