ന്യൂദല്‍ഹി : രാഷ്ട്രപതി പദവിയിലേക്കില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിന് ഏറ്റവും അനുയോജ്യന്‍ മോഹന്‍ ഭാഗവതാണെന്ന ശിവസേന നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് താനില്ലെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്.


Also read അയോധ്യയില്‍ പള്ളി പണിയണമെന്നൊന്നും അവര്‍ക്കില്ല: മുസ്‌ലീങ്ങളുടേത് വെറും ഈഗോ മാത്രം: വിനയ് കത്യാര്‍ 


മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കുകയാണെങ്കില്‍ പിന്തുണക്കുമെന്നായിരുന്നു ശിവസേന വക്താവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിന് ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിയും മോഹന്‍ ഭാഗവതാണെന്നും പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

നാഗ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയ പറയവേയായിരുന്നു ഭാഗവത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആദ്യ പ്രതികരണം നല്‍കിയത്. ‘ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേരുകള്‍ വച്ചുകൊണ്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ അതൊരിക്കലും സംഭവിക്കുകയില്ല. എനിക്ക് ആര്‍.എസ്.എസിനായി ഇനിയും പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ആര്‍.എസ്എസില്‍ ചേരുന്നതിനു മുമ്പ് എന്റെ മുന്നിലെ മറ്റെല്ലാ വാതിലുകളും ഞാന്‍ തന്നെ അടച്ചിരുന്നു.

വാര്‍ത്തകള്‍ വെറും വാര്‍ത്തകളായി തന്നെ തുടരും ഇനി എന്റെ പേരുകള്‍ ഉയര്‍ന്നു വന്നാല്‍ തന്നെ ഞാനത് ഒരിക്കലും അംഗീകരിക്കുകയില്ല. അദേഹം പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ വേണമെങ്കില്‍ ബിജെ.പി പാര്‍ട്ടി ആസ്ഥാനമായ ‘മാതോശ്രീ’ യില്‍ വന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തണമെന്നും ശിവസേന എം.പി ആവശ്യപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈയിലാണ് അവസാനിക്കുന്നത്.

മോഹന്‍ ഭാഗവതിനു പുറമേ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവരുടെ പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുണ്ട്.