Categories

Headlines

ആദിവാസി സ്ത്രീകളെക്കൊണ്ട് ആര്‍.എസ്.എസ് നേതാവിന്റെ കാല്‍ കഴുകിച്ചു; മോഹന്‍ ഭഗവത് വിവാദത്തില്‍

ന്യൂദല്‍ഹി: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് ആദിവാസി ഗോത്ര വനിതകളെക്കൊണ്ട് കാല് കഴുകിച്ചത് വിവാദമാകുന്നു. അയോധ്യയിലെ രാം ജാനകിക്ഷേത്രത്തിലെ ചടങ്ങിലാണ് ആര്‍.എസ്.എ്‌സ് നേതാവിന്റെ വിവാദമായ കൃത്യം അരങ്ങേറിയത്. സംഭവത്തില്‍ മോഹന്‍ ഭഗവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസിമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ ഭഗവത് ചെയ്തത് പാപമാണെന്നും സ്ത്രീകളെ അവഹേളിക്കലാണെന്നും സന്യാസിമാര്‍ വ്യക്തമാക്കി.അയോധ്യയിലെ സന്യാസിമാര്‍ യോഗം ചേര്‍ന്ന് സംഭവത്തെ അപലപിച്ചിട്ടുണ്ട്.  എന്നാല്‍ ഗോത്രവിഭാഗങ്ങളിലെ ആചാരത്തെക്കുറിച്ച് അറിയാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും കാല്‍ കഴുകല്‍ ഇവിടെ പുതിയ സംഭവമല്ലെന്നും വി.എച്ച്.പി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ദിനേഷ് ചന്ദ്ര വ്യക്തമാക്കി.

കാല്‍ കഴുകുന്ന ആചാരത്തെക്കുറിച്ച് അയോധ്യയില്‍ തങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലെന്ന് അയോധ്യ ബൈക്കുന്ദ് ഭവന്‍ മെഹന്ദ് ആചാര്യ പുരുഷോത്തമാചാരി വ്യക്തമാക്കി. ഇത് ദൈവസഭയില്‍ നടക്കുന്ന പ്രവൃത്തിയാണ്. ദ്വാപര യുഗത്തില്‍ കൃഷ്ണന്‍ സുഹൃത്ത് സുധാമയുടെ കാല്‍ കഴുകിയിട്ടുണ്ട്. എന്നാല്‍ കലിയുഗത്തില്‍ ആര്‍ക്കും ഇതിന് അധികാരമില്ല. അതിനാല്‍ ഇത് സ്ത്രീകളെ അപമാനിക്കലായി മാത്രമേ കരുതാനാവൂ- ആചാര്യ പുരുഷോത്തമാചാരി വ്യക്തമാക്കി.

‘ കാല്‍ കഴുകാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടത് പാപമല്ലാതെ മറ്റൊന്നല്ല. ആര്‍.എസ്.എസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതുവരെ ആര്‍.എസ്.എസ് സ്ത്രീകളെ പരിഗണിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും ഇനി പരിഗണിക്കാന്‍ പോകുന്നില്ലെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്’- അഖാര പരിഷത്ത് നേതാവ് മഹന്ദ് ഗ്യാന്‍ ദാസ് വ്യക്തമാക്കി.

‘ ഹിന്ദു വേദഗ്രന്ഥങ്ങളില്‍ സ്ത്രീയെ അമ്മയായും ഭാര്യയായും മകളായും ദേവതയുടെ സ്ഥാനത്താണ് കണ്ടിട്ടുള്ളത്. ഭഗവതിനെപ്പോലുള്ളവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. സ്ത്രീ ആദരിക്കപ്പെടേണ്ടവളാണെന്ന് ഇതുവരെ മനസ്സിലാക്കാന്‍ ഭഗവതിന് കഴിഞ്ഞിട്ടില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതത്തിന്റെ പേരില്‍ ആര്‍.എസ്.എസ് ചെയ്യുന്നത് നീചത്വമാണെന്ന് തെളിഞ്ഞിരിക്കയാണെന്ന് രാജ്‌ഗോപാല്‍ മന്ദിര്‍ ആചാര്യന്‍ കൗഷല്‍ കിഷോര്‍ സരണ്‍ വ്യക്തമാക്കി.

അതേസമയം ഗോത്രസംസ്‌കാരം അറിയാത്തതുകൊണ്ടുള്ള അനാവശ്യമായ വിമര്‍ശനമാണിതെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി. കാല്‍കഴുകി അതിഥികളെ സ്വീകരിക്കുകയെന്നത് ഗോത്രജനതയുടെ ആചാരമാണ്. വനിതകളെ അപമാനിക്കലാണിതെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ഗോത്രവിഭാഗത്തിന്റെ ആചാരങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് അതിന് കാരണമെന്ന് ആര്‍.എസ്.എസ്. വക്താവ് രാംമാധവ് പറഞ്ഞു.

ഗോത്രവര്‍ഗക്കാരുടെ സന്യാസി പരിശീലനക്യാമ്പില്‍ അതിഥിയായാണ് ഭാഗവത് എത്തിയത്. വി.എച്ച്.പി. സംഘടനാവിഭാഗം ജനറല്‍സെക്രട്ടറി ദിനേശ് ചന്ദ്രയും രാംജന്മഭൂമി ന്യാസ് അംഗം രാം വിലാസ് വേദാന്തിയും ഭാഗവതിനൊപ്പം ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ഗോത്രവനിതകളാണ് സന്യാസി പരിശീലനത്തിനായി ഇവിടെയെത്തിയത്. ഗോത്രവനിതകള്‍ക്കായി 1993ല്‍ തുടങ്ങിയ ക്യാമ്പില്‍ വി.എച്ച്.പി. നേതാക്കളായ അശോക് സിംഘലും പ്രവീണ്‍ തൊഗാഡിയയുമൊക്കെ മുന്‍വര്‍ഷങ്ങളില്‍ അതിഥികളായെത്തിയിരുന്നു.

Malayalam news

Kerala news in English