എഡിറ്റര്‍
എഡിറ്റര്‍
ഷിഫ അല്‍ജസീറ ഉടമ മുഹമ്മദ് റബീഉള്ളയുടെ തിരോധാനത്തിനു പിന്നില്‍ ബന്ധുക്കള്‍: സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Saturday 22nd July 2017 1:21pm


മലപ്പുറം: ഗള്‍ഫിലെ വ്യവസ്യായ പ്രമുഖനും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ ഡോ. ഡോ.കെ.ടി മുഹമ്മദ് റബീഉള്ളയുടെ തിരോധാനത്തിനു പിന്നില്‍ ബന്ധുക്കളെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സുഹൃത്തും തിരോധാനത്തിന് തൊട്ടുമുമ്പ് അദ്ദേഹം ജി.സി.സി രാഷ്ട്രങ്ങളിലെ അദ്ദേഹത്തിന്റെ പി.ആര്‍ എക്‌സിക്യുട്ടീവായി പ്രഖ്യാപിക്കുകയും ചെയ്ത അബ്ദുള്‍ ഹഖ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നില്‍ തീര്‍ച്ചയായും ബന്ധുക്കള്‍ തന്നെയാണ്. അത് നല്ലതിനാണെങ്കില്‍ ശരി. ചീത്തക്കാണെങ്കിലും’ അബ്ദുല്‍ ഹഖ് പറയുന്നു.


Also Read: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് പബ്ലിസിറ്റി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി: വേദിയില്‍ നോട്ടുയര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം


റബീഉള്ളയുടെ എവിടെയാണുള്ളതെന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ ഭാര്യ, സഹോദരങ്ങള്‍, ഭാര്യസഹോദരങ്ങള്‍ എന്നിവര്‍ക്കു മാത്രമേ അറിയൂവെന്നാണ് അബ്ദുല്‍ ഹഖ് പറയുന്നത്.

ഡിസംബര്‍ 2 മുതലാണ് അദ്ദേഹത്തെ കാണാതായത്. ഡിസംബര്‍ 2ന് താനും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തെ കുവൈറ്റില്‍ നിന്നും വിമാനം കയറ്റി. പിന്നീട് അബുദാബിയിലേക്കു പോകുകയും അവിടെവെച്ച് ഭാര്യയെയും മകനെയും കൂട്ടി കോഴിക്കോട്ടേക്ക് തിരിക്കുകയും ചെയ്തു. കോഴിക്കോട്ടേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹത്തിനൊപ്പം മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നതായി അബ്ദുല്‍ ഹഖ് പറയുന്നു.

അദ്ദേഹം കോഴിക്കോട്ട് ഇറങ്ങിയതായി അവിടെ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കള്‍ മുഖേന അറിയാന്‍ കഴിഞ്ഞെന്നും അതിനുശേഷം വീട്ടിലേക്കുപോയ അദ്ദേഹത്തെ കാണാനോ ബന്ധപ്പെടാനോ പിന്നീട് ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നുമാണ് അബ്ദുല്‍ ഹഖ് പറയുന്നത്.

ഉറക്കില്ലായ്മ കാരണം അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള ചികിത്സയിലാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഇത്രയും ദിവസം അദ്ദേഹത്തെ കാണാതാവുന്നത് താനുള്‍പ്പെടെയുള്ളവരില്‍ ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം പറയുന്നു.

ബന്ധുക്കളോട് അദ്ദേഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പലരും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നതെന്നും അബ്ദുല്‍ ഹഖ് ആരോപിക്കുന്നു. അദ്ദേഹം വളരെ ആരോഗ്യവാനാണെന്നും സന്തോഷവാനാണെന്നും ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് അക്കാര്യം അറിയിച്ച് ഒരു വീഡിയോ പുറത്തുവിട്ടുകൂടായെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ അതു വേണ്ടെന്നു പറഞ്ഞതാണെന്നു പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ അനുജന്‍ സനാഉള്ളയോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് റബീഉള്ള യു.കെയിലാണെന്നാണ്. മറ്റൊരാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത് കുവൈറ്റിലാണ്. പിന്നീട് പലരും പറഞ്ഞത് ബംഗളുരുവില്‍ ഒരു ആശുപത്രിയിലാണെന്നാണ്.

അദ്ദേഹത്തിന്റെ ഒരടുത്ത ബന്ധുവിനോട് താന്‍ അദ്ദേഹത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ‘ഇത് തങ്ങളുടെ കുടുംബകാര്യമാണ്, നിങ്ങള്‍ക്ക് ഇതിലെന്താ കാര്യമെന്നു’ ചോദിച്ചെന്നും അബ്ദുല്‍ ഹഖ് പറയുന്നു.

‘അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രതികരണമായിരുന്നു ബന്ധുക്കളില്‍ നിന്നുണ്ടായിരുന്നത്.’ അദ്ദേഹം പറയുന്നു.

‘അദ്ദേഹത്തെ ഇപ്പോള്‍ ഈയൊരുവസ്ഥയില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ മുന്നില്‍ കൊണ്ടുവരേണ്ടത് അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ബാധ്യതയാണ്. അവിടെ ഇനിയും ഇത് ഞങ്ങളുടെ കുടുംബകാര്യമാണെന്നു പറഞ്ഞു നടക്കുന്നതില്‍ അര്‍ത്ഥമില്ല. ‘ അബ്ദുല്‍ ഹഖ് ആവശ്യപ്പെടുന്നു.

ബിസിനസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലാണ് റബീഉള്ളയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അദ്ദേഹത്തെ ചില ബന്ധുക്കള്‍ ക്ലോറോഫോം മണപ്പിച്ചു ബോധം കെടുത്തി ബംഗളുരുവില്‍ കൊണ്ടുപോയി സെഡേറ്റീവ് കുത്തിവെച്ചു മയക്കി കിടത്തിയിരിക്കുകയാണ് എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ ചെയര്‍മാനായ രബീഉള്ളയ്ക്ക് സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ 20 ഹെല്‍ത്ത് കെയര്‍ യൂണിറ്റുകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയുണ്ട്. ഇതിനു പുറമേ നാസീം ജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ്, നാസിം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ്, സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ്, ജസീറ പാലസ് റസ്റ്റോറന്റ് റിയാദ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായിരുന്നു റബീഉള്ള.

Advertisement