എഡിറ്റര്‍
എഡിറ്റര്‍
‘ഫത്‌വ പിന്നാലെ വരുന്നുണ്ട്, സൂക്ഷിച്ചോ’; രാവണന്‍ സീതയെ പാര്‍പ്പിച്ച അശോകവനം സന്ദര്‍ശിച്ച മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭീഷണിയുമായി മതമൗലികവാദികള്‍; വില്ലന്മാരെ നിര്‍ത്തി പൊരിച്ച് ആരാധകര്‍
എഡിറ്റര്‍
Friday 11th August 2017 6:24pm

മുംബൈ: ക്രിക്കറ്റ് താരങ്ങളെ, പ്രത്യേകിച്ചും മുസ്‌ലിം മതവിശ്വാസികളായ താരങ്ങളെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് കഴിഞ്ഞ കുറച്ച് നാളുകളായി സ്ഥിരമായി മാറിയിരിക്കുകയാണ്. പേസര്‍ ഇര്‍ഫാന്‍ പഠാനും മുന്‍ താരം മുഹമ്മദ് കൈഫുമെല്ലാം അത്തരം ആക്രമണങ്ങള്‍ക്ക് ഇരയായവരാണ്. ഇപ്പോഴിതാ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് കീഴേയും കമന്റുകളുടെ ബഹളമാണ്.

ഹിന്ദു വിശ്വാസപ്രകാരം രാവണന്‍ സീതയെ ഒളിപ്പിച്ചു താമസിപ്പിച്ച അശോക വനം സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ ടീമിന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് കമന്റുകളുടെ ഒഴുക്കുണ്ടായിരിക്കുന്നത്. എന്നാല്‍ രസമതല്ല, സാധാരണ മതമൗലികവാദികളുടെ ആക്രമണമാണ് ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ഷമിയ്ക്ക് പിന്തുണയര്‍പ്പിച്ചും മതമൗലികവാദികളെ വെല്ലുവിളിച്ചുമാണ് കമന്റുകള്‍ അധികവും എന്നതാണ് രസം.


Also Read:  ‘നിങ്ങള്‍ ദൈവമൊന്നുമല്ലല്ലോ; യാചിക്കുകയല്ല, എന്റെ ജീവിതം തിരിച്ചു തരാനാണ് പറഞ്ഞത്; അതെന്റെ അവകാശമാണ്’; ബി.സി.സി.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്


കെ.എല്‍ രാഹുല്‍, വൃഥിമാന്‍ സാഹ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളും ചിലരുടെ ഭാര്യമാരുമുള്ള ചിത്രമാണ് ഷമി ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. സപ്പോര്‍ട്ടിംഗ് സ്റ്റാഫില്‍ നിന്നുമുള്ളവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ചിത്രത്തിന്റെ കമന്റ് ബോക്‌സില്‍ സീതയെ സീതാമാ എന്ന് വിളിക്കാത്തിനും മറ്റും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒപ്പം ഫത്‌വ കാത്തിരുന്നോ എന്ന് ഭീഷണി മുഴക്കുന്നവരുമെല്ലാം ഉണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ ഇരട്ടിയാണ് ഷമിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം. ഷമിയാണ് യഥാര്‍ത്ഥ ഇന്ത്യനെന്നും മറ്റുള്ളവരുടെ വിശ്വാസത്തെ ആദരിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്‌ലിമെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ഹിജാബ് ധരിക്കാതെയുള്ള തന്റെ ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് ഷമിയ്‌ക്കെതിരെ മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു.

Advertisement