ക്രിസ്മസ് ഇസ്‌ലാമില്‍ ഹറാം: ദൈവത്തില്‍ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും; കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമം
Cyber attack
ക്രിസ്മസ് ഇസ്‌ലാമില്‍ ഹറാം: ദൈവത്തില്‍ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും; കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2017, 7:37 pm

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമം. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും താരം പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് മതമൗലിക വാദികള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

ക്രിസ്മസ് ഇസ്‌ലാമിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് അക്രമണം. ഏവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍ എന്ന കുറിപ്പോടെ ഭാര്യയോടും കുഞ്ഞുങ്ങളോടൊപ്പവുമുള്ള ചിത്രമാണ് കൈഫ് പങ്കുവെച്ചത്.

ഇത്തരം ആഘോഷങ്ങള്‍ ഇസ്‌ലാമില്‍ ഹറാം ( നിയമ വിരുദ്ധം) ആണ്. ദൈവത്തില്‍ നിന്നും ശാപം കിട്ടി മരിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും കൈഫിനെ പരിഹസിച്ചുള്ള ട്രോളുകളും ഇറക്കിയിട്ടുണ്ട്.

എന്നാല്‍ മതമൗലിക വാദികളുടെ ഈ അക്രമത്തെ എതിര്‍ത്തും കൈഫിന് പിന്തുണ അറിയിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആദ്യമായല്ല കൈഫിന് മത മൗലിക വാദികളുടെ സൈബര്‍ അക്രമണം നേരിടേണ്ടി വരുന്നത്.

സൂര്യനമസ്‌കാരം ചെയ്യുന്ന ചിത്രം പങ്കു വെച്ചപ്പോഴും ഇത്തരത്തില്‍ കൈഫിനെതിരെ സൈബര്‍ അക്രമം ഉണ്ടായിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും മുഹമ്മദ് ശമീമും മതമൗലിക വാദികളുടെ അക്രമത്തിന് ഇരായായിരുന്നു.

തന്‍െ ഒപ്പം നില്‍ക്കുന്ന ഭാര്യയുടെ കൈകള്‍ മറയാത്ത ഡ്രസ്സ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനായിരുന്നു പത്താനെതിരെ അക്രമമുണ്ടായത്. കൂട്ടിയുടെ പിറന്നാള്‍ ആഘോഷം പങ്കുവെച്ചതിനായിരുന്നു മൂഹമ്മദ് ശമീമിന് എതിരെയുള്ള അക്രമത്തിന് കാരണം.