തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി എം.ഒ.എച്ച്. ഫാറൂഖ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ഹ്രസ്വചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

എം.ഒ.എച്ച്. ഫാറൂഖിനെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ അറിയിപ്പ് വായിച്ചുകൊണ്ടായിരുന്നു ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

കേരളത്തിന്റെ  പത്തൊന്‍പതാമത് ഗവര്‍ണറാണ് എം.ഒ.എച്ച്. ഫറൂഖ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

1967, 1969, 1974 കളിലായി മൂന്ന് തവണ പുതുച്ചേരിയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മുഖ്യമന്ത്രിയായി റെക്കോര്‍ഡിട്ട ആളാണ് ഫാറൂഖ്. 29 വയസ്സുള്ളപ്പോഴാണ് 1967ല്‍ അദ്ദേഹം മുഖ്യമന്ത്രിയായത്. മൂന്നുതവണ അദ്ദേഹം പോണ്ടിച്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എം.പിയായി 1991, 1996, 1999 വര്‍ഷങ്ങളില്‍ കേന്ദ്രത്തില്‍ വ്യോമയാന, ടൂറിസം സഹമന്ത്രിയായിരുന്നു. 2004ല്‍ അദ്ദേഹത്തെ സൗദി അറേബ്യയില്‍ ഇന്ത്യയുടെ അംബാസിഡറായി നിയമിച്ചു. കഴിഞ്ഞവര്‍ഷമാണു ജാര്‍ഖണ്ഡില്‍ ഗവര്‍ണറാക്കിയത്.