എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്ത് ഒരു മതക്കാരെ കൊന്നു തീര്‍ക്കുമ്പോള്‍ നിങ്ങള്‍ മിണ്ടാതിരിക്കുമോ?
എഡിറ്റര്‍
Thursday 29th June 2017 10:10pm

പുതിയ നിയമം കൊണ്ടുവന്ന് മോബ്-ലിഞ്ചിങ് ക്രിമിനലൈസ് ചെയ്യണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് മുപ്പത്തിയഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, മുസ്ലിം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഒരു പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്.


 

ഞാന്‍ ഈ ചോദ്യം ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ ഒന്നു പരുങ്ങി; ഇങ്ങനെയൊന്നും പറയരുതെന്ന് എന്നോടു പറഞ്ഞു. പക്ഷേ, ഇതല്ലേ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി? കണ്ണു തുറന്നു നോക്കൂ, നിങ്ങളുടെ ചുറ്റിനും.

2015 സെപ്തംബര്‍ ഇരുപത്തെട്ടിന് സ്വന്തം വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടുവന്നു നടുറോട്ടിലിട്ട് ഒരുകൂട്ടം കാപാലികര്‍ അടിച്ചും തൊഴിച്ചും അമ്പതു വയസ്സുണ്ടായിരുന്ന മുഹമ്മദ് അഖ്ലാഖിനെ കൊന്നു തള്ളിയപ്പോള്‍, നമ്മള്‍ എല്ലാവരും ബഹളമുണ്ടാക്കി, ബീഫിന്റെ പേരിലുള്ള കൊലയാണെന്ന്.

ഇവിടത്തെ ഏറ്റവും വലിയ കുറ്റം ഭക്ഷണം കഴിക്കുക എന്നുള്ളതാണല്ലോ! നമ്മള്‍ ഒച്ചപ്പാടുണ്ടാക്കി: ‘പശു മനുഷ്യനെ തിന്നു തുടങ്ങിയിരിക്കുന്നുവെന്ന്’. പക്ഷേ, അക്രമങ്ങള്‍ അവിടെയും അവസാനിച്ചോ, ഇല്ല. സ്വന്തം നാട്ടുകാര്‍ തന്നെ ഒരു കേസ് ഫയല്‍ ചെയ്തു; അഖ്ലാഖിന്റെ കുടുംബം പശുവിനെ കൊന്നിട്ടുണ്ടെന്ന്.
നിരന്തര ഭീഷണികളും ഭയപ്പെടുത്തലുകളും സഹിക്കവയ്യാതെ അവരുടെ കുടുംബം ദല്‍ഹിയിലേക്ക് താമസം മാറ്റി.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും നമ്മുടെ രാജ്യത്തിന്റെ അവസ്ഥ നോക്കൂ, മനുഷ്യനെ അടിച്ചുകൊല്ലുന്ന രോഗം മാരാമാരി പോലെ പടര്‍ന്നു പിടിച്ചില്ലേ. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മുപ്പതോളം മുസ്ലിംകളെ തച്ചുകൊന്നിരിക്കുന്നു. ഇപ്പോഴെങ്കിലും നമുക്ക് തോന്നുന്നുണ്ടോ ഇത് പശുവിന്റെ കാര്യമല്ലെന്ന്; ഇത് ഇന്ത്യയിലെ ഒരു സമുദായത്തിന്റെ കാര്യമാണെന്ന്?

ഈയൊരു ഭീകരത വ്യക്തമായി തുറന്നു കാട്ടുന്നതാണ് ഹരിയാനയിലെ ബല്ലബുഗട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിമൂന്നിനു 16കാരനായ ജുനൈദ് കൊല്ലപ്പെട്ടത്.ഖുര്‍ആന്‍ മനപാഠമാക്കി ഗുജറാത്തിലെ സൂറത്തില്‍ നിന്നും മടങ്ങിവന്ന ജുനൈദ് എന്തു കൊണ്ടാണ് ഒരു കൂട്ടം കാപാലികരാല്‍ കൊല്ലപ്പെട്ടത്? പെരുന്നാളിന് ദല്‍ഹിയിലേക്ക് തുണി വാങ്ങാന്‍ പോയതാണോ അവന്‍ ചെയ്ത കുറ്റം? അതല്ല, തൊപ്പിയും, താടിയും വെച്ചതാണോ അവന്‍ ചെയ്ത കുറ്റം? അതല്ല, മാട്ടിറച്ചി കഴിക്കുന്ന ഒരു സമുദായത്തിന്റെ ഭാഗമായതാണോ? അല്ല, വെറും മുസ്‌ലിമായതാണോ?

ജൂണ്‍ 23ന് ജാര്‍ഖണ്ഡിലെ ഇരുപത്തഞ്ചു വയസ്സുകാരനായ മുഹമ്മദ് സല്‍മാന്‍ സ്വന്തം വീടിന്റെ ഉമ്മറത്ത് വെച്ച് പോലീസിനാല്‍ വെടിവെച്ചു കൊല്ലപ്പെട്ടത് ബീഫ് തിന്നതിനാണോ? അതല്ല പോലീസിന്റെ സാമുദായിക വിദ്വേഷമാണോ?

ഒരു ദിവസത്തൊഴിലാളിയായിരുന്ന സല്‍മാന്‍ രണ്ടുദിവസംമുമ്പ് തനിക്ക് കിട്ടിയ ശമ്പളത്തില്‍ നിന്നും ഷൂവും, വസ്ത്രങ്ങളും വാങ്ങിയത് ആ കാളരാത്രിയില്‍ പോലീസിനാല്‍ കൊല്ലപ്പെടാനായിരുന്നോ? എന്തിനാണ് സല്‍മാനെ കൊന്നതെന്ന ചോദ്യത്തിനുപോലും പോലീസിന്റെ അടുക്കല്‍ ഒരു തൃപ്തികരമായ ഉത്തരമില്ല. 

പല മോബ്-ലിഞ്ചിങ്ങിലായി മുപ്പതോളം മുസ്ലിംകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഈ അക്രമണങ്ങളിലൊന്നും ഒരാള്‍ പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുപോലുമില്ല. രാജസ്ഥാനില്‍ പെഹ്ലു ഖാനെ അടിച്ചുകൊന്നത് തങ്ങളാണെന്ന് ഒരു കൂട്ടം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ വിളിച്ചുകൂവിയിട്ടുപോലും അവര്‍ക്കെതിരെ ഒരുനടപടികളും എടുക്കപ്പെട്ടിട്ടില്ല. 

ഭരണാധികാരികളുടെ ഭാഗത്തുനിന്ന് അര്‍ത്ഥപൂര്‍ണ്ണമായ ഒരു നടപടിയും ഇതുവരെ ഈ വിഷയങ്ങളില്‍ ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്റെ ഒത്താശയോടുകൂടെയാണോ ഈ മോബ്-ലിഞ്ചിങ് നടന്നുകൊണ്ടിരിക്കുന്നത് എന്നു സ്വാഭാവികമായും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

 

ഈ അക്രമങ്ങളെല്ലാം സമൂഹത്തില്‍ അംഗീകാരമുള്ളതും ന്യായീകരിക്കപ്പെടാവുന്നതുമാണെന്ന ബോധവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരാശയം ഈ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും എതിരാണ് എന്നുള്ളതു കൊണ്ടുതന്നെ നീതിബോധമുള്ള പൗരന്മാര്‍ എന്ന നിലക്ക് നാം ഇതിനെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു.

പുതിയ നിയമം കൊണ്ടുവന്ന് മോബ്-ലിഞ്ചിങ് ക്രിമിനലൈസ് ചെയ്യണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് മുപ്പത്തിയഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, മുസ്ലിം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഒരു പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് ഇവിടെ പെറ്റീഷനില്‍ ഒപ്പു വെക്കാം.

ജനാധിപത്യ വിരുദ്ധശക്തികള്‍ ഇഴഞ്ഞിഴഞ്ഞുതന്നെയാണ് ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. അവര്‍ ഒരിക്കലും ചരിത്രത്തിലേക്ക് ഇരുകാലില്‍ നിവര്‍ന്നുനിന്നു നടന്നുകയറിയിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങള്‍ നമ്മള്‍ ഇപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളായാണ് വിലയിരുത്തുന്നതെങ്കില്‍ നമ്മള്‍ കണ്‍ചിമ്മി ഇരുട്ടാക്കുകയാണ്.

ഈ മൊബ്-ലിഞ്ചിങ് പശുവിനു വേണ്ടിയല്ല; ഇതൊരു സമുദായത്തെ സാമൂഹികമായും, സാമ്പത്തികമായും ഒറ്റപ്പെടുത്തി ക്രമേണ കൊന്നുതീര്‍ക്കാനുള്ള ഭീകരവാദപ്രവര്‍ത്തനമാണ്.

ഇനിയും നമ്മള്‍ നമ്മുടെ ഉറക്കുകളില്‍ നിന്നും എഴുന്നേല്‍ക്കുന്നില്ലെങ്കില്‍, ചരിത്രം നമ്മെ ഒരു തോറ്റ ജനതയായി മറന്നുപോയേക്കാം.

Advertisement