എഡിറ്റര്‍
എഡിറ്റര്‍
സിബലിന് മോഡിയുടെ മറുപടി: കോണ്‍ഗ്രസ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ല
എഡിറ്റര്‍
Friday 1st November 2013 6:47pm

narendra-modi

പുനെ: പരസ്യചര്‍ച്ച നടത്താനുള്ള കേന്ദ്രമന്ത്രി കബില്‍ സിബലിന്റെ വെല്ലുവിളിയ്ക്ക് എന്‍.ഡി.എ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ മറുപടി.

മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനായി സിബല്‍ പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് മോഡി തിരിച്ചടിച്ചത്. ഇത് കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ട് നോക്കൂ. അവര്‍ ചെയ്തതിനെക്കുറിച്ച് അവര്‍ ഒരക്ഷരം പോലും ഉരിയാടുന്നില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും.’

‘മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ കഴിയാത്ത വിധത്തില്‍ കോണ്‍ഗ്രസ് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്. സര്‍ക്കാരും അവരുടെ തന്നെയാണ്. എന്നിരുന്നാലും അവര്‍ ഉത്തരങ്ങള്‍ തേടുന്നത് മോഡിയില്‍ നിന്നാണ്.

പൊതുജനങ്ങളോട് മറുപടി പറയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.’ പുനെയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ മോഡി പരിഹസിച്ചു.

നേരത്തെ കബില്‍ സിബല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വളരെ അനുകൂലമായ പരിതസ്ഥിതിയില്‍ മാത്രമാണ് മോഡി പ്രസ്താവനകള്‍ നടത്തുന്നതെന്നും ചോദ്യങ്ങള്‍ ഒഴിവാക്കാനായി മാധ്യമപ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഏത് പ്രശ്‌നത്തെക്കുറിച്ച് വേണമെങ്കിലും പരസ്യചര്‍ച്ച നടത്താന്‍ തയ്യാറാമെന്നും അദ്ദേഹം മോഡിയെ വെല്ലുവിളിച്ചിരുന്നു.

‘2014-ലെ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു’ മോഡി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന്‍ കീഴില്‍ ദല്‍ഹിയിലൊരു മാസ്റ്റര്‍ ഇല്ലെന്നും പൊതുജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനായ സേവകനാണ് ഉള്ളതെന്നും മോഡി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ 12 വര്‍ഷങ്ങളായി കോണ്‍ഗ്രസ് തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് എല്ലാ ജനപ്രതിനിധികളും കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ധരിപ്പിക്കണം.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ എല്ലാ വര്‍ഷവും ജനസമക്ഷം പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കി.

‘രാജ്യത്ത് വ്യത്യസ്ത പാര്‍ട്ടികള്‍ നയിക്കുന്ന വിവിധ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകരോടും സാമ്പത്തിക വിദഗ്ധരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു താരതമ്യ പഠനം നടന്നാല്‍ ബി.ജെ.പി മാത്രമേ ഒന്നാമതെത്തൂ’ അദ്ദേഹം പറഞ്ഞു.

സ്വന്തം ഭരണകൂടത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ ഗുജറാത്ത് സര്‍ക്കാര്‍ എന്തൊക്കെ ചെയ്തില്ല  എന്ന് തിരക്കുന്ന കോണ്‍ഗ്രസിനെ മോഡി വിമര്‍ശിച്ചു.

Advertisement