ന്യൂദല്‍ഹി:  ഫത്തേഹ്പൂരിലെ മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ട് മോദി നടത്തിയ വര്‍ഗീയധ്രുവീകരണശ്രമാണ് പ്രസ്താവനയെന്നും ബി.ജെ.പിയുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് തിരിച്ചടി നേരിടുമെന്നും യെച്ചൂരി പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ട സര്‍ക്കാരില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് മുത്തലാഖ്, ഏകസിവില്‍കോഡ് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യെച്ചൂരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ജനാധിപത്യ വാദിയാണെങ്കില്‍ മോദി കൂടുതല്‍ ഏകാധിപതിയാണെന്നും യെച്ചൂരി പറഞ്ഞു.

ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിച്ചാല്‍ ശ്മാശനവും നിര്‍മിക്കണം. റംസാന് വൈദ്യുതി എത്തിയാല്‍ ദീപാവലിക്കും എത്തണമെന്നുമായിരുന്നു മോദി യു.പിയിലെ ഫത്തേഹ്പൂരില്‍ പ്രസംഗിച്ചിരുന്നത്.


Read more: സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയക്കാരും കേരളത്തില്‍ സുരക്ഷിതരല്ലെന്ന് മനേക ഗാന്ധി; കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണം


യു.പിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.  പ്രസ്താവനയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

യു.പി തെരഞ്ഞെടുപ്പില്‍ ദളിതുകളും മുസ്‌ലിംങ്ങളുമടങ്ങുന്ന വിഭാഗം ബി.ജെ.പിക്കെതിരായ സഖ്യങ്ങള്‍ക്ക് കീഴില്‍ അണി നിരക്കുമ്പോള്‍ ഹിന്ദുകാര്‍ഡ് ഇറക്കി വോട്ടു നേടാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.