ന്യൂദല്‍ഹി: ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഗൂജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്കും അന്വേഷിച്ചേക്കുമെന്ന് സൂചന. മോദി ഏതെങ്കിലും വിധത്തില്‍ അന്വേഷണസംഘത്തെ സ്വാധീനിച്ചിരുന്നോ എന്നകാര്യമായിരിക്കും സി ബി ഐ പരിശോധിക്കുക.

മോദിയെ ചോദ്യം ചെയ്യണമെന്ന് വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന്റെ ബന്ധുക്കള്‍ സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. 2002 ല്‍ ഗുല്‍ബര്‍ഗയില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണകമ്മീഷന്‍ മോദിയെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

അതിനിടെ ഗുജറാത്ത് മുന്‍ ഡി ജി പി പി സി പാണ്ഡയെ ചോദ്യംചെയ്യുന്നതിനായി സി ബി ഐ വിളിച്ചുവരുത്തിയിട്ടുണ്ട്. ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെ കൊലപാതകത്തെക്കുറിച്ച അന്വേഷണം നടന്ന സമയത്ത് പാണ്ഡെയായിരുന്നു ഡി ജി പി. പാണ്ഡെ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യുന്നത്.