ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണായാ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. വിദേശയാത്രകള്‍ക്കായി സോണിയ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1880 കോടി രൂപ ചെലവഴിച്ചതായി മോഡി ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെ കണക്കാണിതെന്നും മോഡി പറഞ്ഞു. ഇന്നലെ വൈകിട്ട് ജേസറില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മോഡി ആരോപണമുന്നയിച്ചത്.

Ads By Google

അനിയന്ത്രിതമായ ചെലവുകളാണ് സര്‍ക്കാര്‍ വരുത്തിവെയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തിയായിരുന്നു മോഡിയുടെ ആരോപണം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്നും കഴിഞ്ഞ ജൂലൈയില്‍ ഇത് സംബന്ധിച്ച് ഒരു പത്രവാര്‍ത്തയും പുറത്തുവന്നിരുന്നതായി മോഡി പറഞ്ഞു.

എന്നാല്‍ മോഡിയുടെ പ്രസ്താവന തികച്ചും അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

സോണിയ യാത്രക്കായി ഇത്രയും തുക ചെലവഴിച്ചെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാന്‍ സോണിയയ്‌ക്കോ കോണ്‍ഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞാല്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും മോഡി പറഞ്ഞു.