അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്നു ദിവസമായി ഗുജറാത്തില്‍ നവ്‌സര്‍ജന്‍ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

മോഹനവാഗ്ദാനങ്ങളുമായി നടക്കുന്ന മോദി ഇനി പറയാന്‍ പോകുന്നത് 2030 ആകുമ്പോഴേക്ക് ചന്ദ്രനെ കൊണ്ടു വരുമെന്നായിരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 22 വര്‍ഷം ഗുജറാത്ത് ഭരിച്ച മോദി 2022 ആകുമ്പോഴേക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പറഞ്ഞതിനെയും രാഹുല്‍ പരിഹസിച്ചു.


Also Read: ‘ഉപദേശകരും സമ്മതിച്ചു’; രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി


‘2022 ല്‍ ഗുജറാത്തില്‍നിന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് മോദി ഇന്നലെ പറഞ്ഞത്. ഇദ്ദേഹം തന്നെയാണ് 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിരുന്നത്. മോദി ഇനിയെന്താണ് പറയാന്‍ പോകുന്നതെന്ന് ഞാന്‍ പറഞ്ഞു തരാം. 2025 ല്‍ എല്ലാ ഗുജറാത്തികള്‍ക്കും ചന്ദ്രനെ നല്‍കും. 2028 ല്‍ എല്ലാ വീട്ടിലും ചന്ദ്രനെ നല്‍കും. 2030 ല്‍ മോദി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്‍ണമായും എത്തിക്കും’

മോദിയുടെ നാട്ടില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്ന രാഹുലിന് മികച്ച പിന്തുണയാണ് പ്രംസഗവേദികളിലെല്ലാം ലഭിക്കുന്നത്. അമിത് ഷായുടെ മകന്റെ അഴിമതിയെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളതെന്ന് സീ ന്യൂസ് മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ചോദിച്ച് രാഹുല്‍ ഇന്നലെ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.