ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരിക്കും ബി.ജെ.പി.യുടെ അടുത്ത പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെന്ന് അദ്വാനി. മോഡിയാണ് ഇന്ത്യയിലെ വികസന നായകന്‍ എന്ന യു.എസ്. കോണ്‍ഗ്രസ് റിപ്പോര്‍ട്ടിനെ പിന്തുണച്ചുള്ള ബ്ലോഗിലാണ് അദ്വാനി ഇക്കാര്യം എഴുതിയത്. അഴിമതിക്കെതിരെ പ്രഖ്യാപിച്ച രഥയാത്രയിലൂടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അദ്വാനി സ്വയം പ്രതിഷ്ഠിക്കുകയാണെന്ന വാര്‍ത്തകള്‍ ബ്ലോഗില്‍ അദ്ദേഹം തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.

2014ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ഥി മോഡിയായിരിക്കുമെന്ന് അദ്വാനി വ്യക്തമായി പറയുന്നില്ലെങ്കിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മോഡിക്കുണ്ടെന്ന് അമേരിക്ക ചൂണ്ടിക്കാണിക്കുന്ന യോഗ്യതകളെ അദ്വാനി പിന്തുണയ്ക്കുന്നുണ്ട്.

അഴിമതിയാരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയഭാവി ഇടിഞ്ഞതായി അമേരിക്കയ്ക്ക് ബോധ്യമായിട്ടുണ്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് കനത്ത വെല്ലുവിളി ബി.ജെ.പി. ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സദ്ഭരണത്തിലും വികസനത്തിലും കേന്ദ്രീകരിച്ച പാര്‍ട്ടിയെന്ന നിലയില്‍ ഹിന്ദുത്വത്തില്‍ ഊന്നിയ വൈകാരിക പ്രതിച്ഛായയില്‍ നിന്ന് ബി.ജെ.പി. മാറുമെന്നും അമേരിക്കന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്വാനി പറയുന്നു.

കുറച്ചു കാലമായി അദ്വാനി തുടര്‍ച്ചയായി നരേന്ദ്രമോഡിയെ സ്തുതിക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ മോഡിയെപ്പോലെ എതിരാളികളുടെ തെറ്റായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന നേതാവില്ലെന്നാണ് കഴിഞ്ഞ ദിവസം അദ്വാനി പ്രഖ്യാപിച്ചിരുന്നത്.