എഡിറ്റര്‍
എഡിറ്റര്‍
സീറ്റ്തര്‍ക്കം: അനുനയശ്രമവുമായി മോഡി അഡ്വാനിയുടെ വീട്ടിലെത്തി
എഡിറ്റര്‍
Thursday 20th March 2014 10:02am

modi-and-adwani

ന്യൂദല്‍ഹി:ബിജെപിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിയുടെ സീറ്റ്തര്‍ക്കത്തെത്തുടര്‍ന്ന് അനുനയശ്രമവുമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി അഡ്വാനിയുടെ വീട്ടിലെത്തി.

അഡ്വാനിയെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ തനിക്ക് ഭോപ്പാല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അഡ്വാനി. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് മോഡി അഡ്വാനിയെ സന്ദര്‍ശിച്ചതെന്നാണ് സൂചന.

ഇന്നലെ ചേര്‍ന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗമാണ് ഭോപ്പാലില്‍ മത്സരിക്കണമെന്ന അഡ്വാനിയുടെ ആവശ്യത്തെ തള്ളിയത്. തന്റെ സ്ഥിരം മണ്ഡലമായ ഗാന്ധിനഗറില്‍ നിന്ന് തന്നെ മത്സരിക്കാനാണ് പാര്‍ട്ടി യോഗം ആവശ്യപ്പെട്ടത്.

ഭോപ്പാല്‍ മണ്ഡലം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന യോഗത്തില്‍ നിന്ന് അഡ്വാനി വിട്ടുനിന്നിരുന്നു. അതിനാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജും നിതിന്‍ ഗഡ്കരിയും ഇന്നലെ രാത്രി അഡ്വാനിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.

എന്നാല്‍ ഗാന്ധിനഗര്‍ സീറ്റ് അഡ്വാനി നിരസിച്ചതായാണ് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനെയും അഡ്വാനി തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അഡ്വാനിക്ക് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി മദ്ധ്യപ്രദേശ് ഘടകം മുന്നോട്ടു വന്നതും ഭോപ്പാല്‍ സീറ്റ് വിട്ടുകൊടുക്കാമെന്ന് മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷി വ്യക്തമാക്കിയതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മോഡിയുമായി സ്വരച്ചേര്‍ച്ചയിലല്ലാത്ത അഡ്വാനി ഭോപ്പാലില്‍ മത്സരിച്ചാല്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാദം ശരിവയ്ക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് അദ്വാനി ഗാന്ധിനഗറില്‍ തന്നെ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ നിശ്ചയിച്ചതില്‍ നേരത്തെ മുതല്‍ക്കെ അതൃപ്തിയുള്ള ആളാണ് അഡ്വാനി. ഇതിനെച്ചൊല്ലി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച അദ്ദേഹത്തെ ഉന്നതനേതൃത്വം വീണ്ടും അനുനയിപ്പിച്ച് കൊണ്ടുവരികയായിരുന്നു. അതിനിടെയാണ് സീറ്റ് സംബന്ധിച്ച തര്‍ക്കം ഉയരുന്നത്.

Advertisement