Categories
chemmannur

പരസ്യങ്ങളുടെ തോഴനായ മോദി അമ്മയോടുള്ള സ്‌നേഹം പോലും പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു : യോഗ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം പ്രാതല്‍ കഴിക്കുന്നെന്ന മോദിയുടെ ട്വീറ്റിനെതിരെ കെജ്‌രിവാള്‍

modikejri

ന്യൂദല്‍ഹി: യോഗ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം പ്രാതല്‍ കഴിക്കാനായി പോകുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പരസ്യങ്ങളുടെ തോഴനായ മോദി അമ്മയോടുള്ള സ്‌നേഹം പോലും പരസ്യത്തിനായി ഉപയോഗിക്കുകയാണെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. എനിക്ക് അവരുടെ അനുഗ്രഹമുണ്ട്. എന്നാല്‍ അക്കാര്യം ഞാന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വിളിച്ച് പറയാറില്ല. രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഞാന്‍ എന്റെ അമ്മയെ ബാങ്ക് ക്യൂവിന് മുന്നില്‍ നിര്‍ത്തിച്ചിട്ടുമില്ല- കെജ്‌രിവാള്‍ പറയുന്നു.

ഹിന്ദുമതവും ഇന്ത്യന്‍ സംസ്‌കാരവും നമ്മോട് പറയുന്നത് പ്രായമായ അമ്മയേയും സ്വന്തം ഭാര്യയേയും നമുക്കൊപ്പം നിര്‍ത്തണമെന്നാണ്. പ്രധാനമന്ത്രിയുടെ വസതി വളരെ വലുതാണ്. അതുപോലെ തന്നെ താങ്കളുടെ ഹൃദയത്തിന്റേയും വലുപ്പം കൂട്ടൂവെന്നും കെജ്‌രിവാള്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

അമ്മയോടുള്ള സ്‌നേഹം പരസ്യത്തിനായി ഉപയോഗിച്ച മോദിക്കെതിരെ ദല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതിയും രംഗത്തെത്തി. വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് മോദി ഇത്തരത്തിലൊക്കെ കാട്ടിക്കൂട്ടുന്നതെന്ന് സോംനാഥ് ഭാരതി വ്യക്തമാക്കി. അമ്മയ്‌ക്കൊപ്പം ഇരുന്ന് ചായകുടിക്കുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം ലോകത്തിന് മുന്നില്‍ പരസ്യം ചെയ്യുകയാണ്.


അമ്മയോട് എന്തോ വലിയ ഔദാര്യം ചെയ്യുന്നതുപോലെയാണ് യോഗ ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം പ്രാതല്‍ കഴിക്കാന്‍ പോകുന്നുവെന്ന മോദിയുടെ ട്വീറ്റ്. എന്നാല്‍  യാതൊരു പരസ്യവും നല്‍കാതെ തന്നെ ഞങ്ങള്‍ ഇതൊക്കെ ദിവസവും ചെയ്യുന്നതാണ് എന്ന കാര്യം മോദി ഓര്‍ക്കണം.- സോംനാഥ് ഭാരതി വ്യക്തമാക്കി.

മോദിയുടെ ഈ ട്വീറ്റിനെതിരെ നിരവധി പേര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. അമ്മയെ കാണാന്‍പോകുമ്പോള്‍ മോദിക്കൊപ്പം 200 ക്യാമറകള്‍ ഉണ്ടാകുമെന്നും  അമ്മയോട് ഇത്രയും സ്‌നേഹമുള്ള ആളാണോ അവരെ നോട്ട് മാറ്റാന്‍ ക്യൂവില്‍ നിര്‍ത്തിയതെന്നും ചിലര്‍ ചോദിക്കുന്നു.

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി എത്തിയ മോദി ഇന്ന് രാവിലെയാണ് ഗാന്ധിനഗറില്‍ താമസിക്കുന്ന മാതാവ് ഹിരാബയെ സന്ദര്‍ശിച്ചത്. യോഗ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം പ്രാതല്‍ കഴിക്കാന്‍ പോകുന്നു എന്ന കുറിപ്പിലായിരുന്നു അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ മോദി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.