എഡിറ്റര്‍
എഡിറ്റര്‍
മോഡി പ്രധാനമന്ത്രിയാകുന്നത് ദുരന്തം തന്നെ: മന്‍മോഹന് പിന്തുണയുമായി ആം ആദ്മി
എഡിറ്റര്‍
Saturday 4th January 2014 9:36am

prashanth-Bhushan

മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി ##നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭിപ്രായത്തിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ.

മന്‍മോഹന്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നതായും മോഡി പ്രധാനമന്ത്രിയാകുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ദുരന്തമാണെന്നും ##ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

വര്‍ഗീയവാദിയും ഫാഷിസ്റ്റുമാണെന്ന് മാത്രമല്ല കോണ്‍ഗ്രസും മറ്റ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളേയും പോലെ അഴിമതിക്കാരന്‍ കൂടിയാണ് മോഡിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഇപ്പോഴുള്ള അഴിമതി രാഷ്ട്രീയത്തെ തന്നെയാണ് മോഡിയും പിന്തുണയ്ക്കുന്നത്. അതിനെ മാറ്റാനോ അതില്‍ നിന്നും സ്വയം മാറി നില്‍ക്കാനോ മോഡി തയ്യാറാകുന്നില്ല.

അതേസമയം അരവിന്ദ് കെജ്‌രിവാള്‍ അതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യത്തിന് തങ്ങള്‍ക്ക് പ്രധാനമന്ത്രി പദത്തിന് അര്‍ഹനായ കുറേ പേരുണ്ടെന്നും എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഒരു പ്രഖ്യാപനത്തിന് തയ്യാറാകുന്നില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുയാണ്. അതില്‍ നിന്നും ഒരു മാറ്റം വരണമെങ്കില്‍ ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലേറണം.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാണ്. മഹാരാഷ്ട്രയില്‍ തന്നെ കഴിവും പ്രാപ്തിയുമുള്ള നിരവധി പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെയും ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരെയും പോരാടാന്‍ കഴിവുള്ള ആളുകളെയാണ് ആം ആദ്മി പാര്‍ട്ടി ക്ഷണിക്കുന്നത്. ഇത്തരത്തിലുള്ള ആര്‍ക്കും ഞങ്ങളുടെ പാര്‍ട്ടിയില്‍ അംഗത്വം ഉറപ്പിക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

Advertisement