ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. അന്വേഷണ സംഘം മോഡിക്കയച്ച നോട്ടീസില്‍ മാര്‍ച്ച് 21ന് മുമ്പ് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ 11നാണ് മോഡിക്ക് നോട്ടീസ് കൈമാറിയത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാറില്‍ നിന്ന് ഒരു മറുപടിയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഗാന്ധി നഗറിലെ ഓഫീസ് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ഓഫീസിലുണ്ടായിരുന്നു. അതേസമയം നോട്ടീസുമായി ബന്ധപ്പെട്ട് മോഡി നിയമോപദേശം തേടിയതായാണ് സര്‍ക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഒരു കലാപക്കേസില്‍ മുഖ്യമന്ത്രി അന്വേഷണം നേരിടുന്നത്.

Subscribe Us:

കലാപത്തില്‍ കൊല്ലപ്പെട്ട ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിറ ജാഫ്രിയുടെ പരാതിപ്രകാരമാണ് സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കലാപത്തിന് അനുകൂലമായ വിധത്തില്‍ മുഖ്യമന്ത്രി നിലപാടെടുത്തുവെന്നും വര്‍ഗീയ വാദികളെ തടയരുതെന്ന് പോലീസിന് മോഡി നിര്‍ദേശം നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.