ന്യൂദല്‍ഹി: ബി.ജെപിയുടെ ദേശീയ നിര്‍വ്വാഹക സമിത യോഗം ദല്‍ഹിയില്‍ ആരംഭിച്ചപ്പോള്‍ നരേന്ദ്ര മോഡി പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നു. ബി.ജെ.പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനവുമായി ബന്ധപ്പെട്ട് അദ്വാനിയുമായുള്ള തര്‍ക്കമാണ് മോഡി വിട്ടു നില്‍ക്കാന്‍ കാരണം.

നരേന്ദ്രമോഡിയോടൊപ്പം യെദിയൂരപ്പയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ളതിനാലാണ് മോഡി പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി പ്രസിഡന്റ് നിധിന്‍ ഗഡ്കരി നല്‍കുന്ന വിശദീകരണം.

രണ്ട് ദിവസം നീളുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞെടുപ്പ്, അദ്വാനി നേതൃത്വം നല്‍കുന്ന രഥയാത്രയുടെ നടപടിക്രമങ്ങള്‍, വിലക്കയറ്റവും അഴിമതിയും ഉയര്‍ത്തിക്കാണിച്ച് സര്‍ക്കാറിനെതിരെ നടത്തേണ്ട പ്രക്ഷോഭങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുക.

അതേസമയം, സത്ഭരണവും സംശുദ്ധ രാഷ്ട്രീയവുമെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍.കെ. അദ്വാനി നടത്തുന്ന ജനചേതനാ രഥയാത്ര ഒക്‌ടോബര്‍ 28, 29 തീയതികളിലായിരിക്കും കേരളത്തില്‍ പര്യടനം നടത്തുക. തിരുവനന്തപുരം മുതല്‍ കൊച്ചി വരെയാണ് പര്യടനം. ഒക്‌ടോബര്‍ 11നു ബിഹാറില്‍ ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമായ സിതാബ്ദിയാരയില്‍ നിന്നാരംഭിക്കുന്ന യാത്ര നവംബര്‍ 20നു ഡല്‍ഹിയില്‍ സമാപിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് യാത്ര ഉദ്ഘാടനം ചെയ്യുക. പതിനെട്ടു സംസ്ഥാനങ്ങളിലൂടെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നു പോകും.