ന്യൂദല്‍ഹി: മോദി മാജിക് ഇനി ഇവിടെ വിലപ്പോകില്ലെന്ന് ബവാനയില്‍ വിജയിച്ച എ.എ.പി സ്ഥാനാര്‍ത്ഥി രാംചന്ദര്‍. ദല്‍ഹി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘മോദി മാജിക് ഇനി ഫലിക്കില്ല. വികസനത്തില്‍ കേന്ദ്രീകരിച്ചതാണ് ഞങ്ങളുടെ നയം. ജനങ്ങളില്‍ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്.’ അദ്ദേഹം പറയുന്നു.

ബി.ജെ.പിയുടെ രഥയാത്ര അവസാനിപ്പിച്ചു. അതിനി മുന്നോട്ടുപോകില്ല. പറഞ്ഞുപറ്റിക്കലല്ലാതെ ബി.ജെ.പിക്ക് ഒന്നുമറിയില്ലെന്ന് ദല്‍ഹി ജനത തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.


Must Read: ബി.ജെ.പിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍


‘അവര്‍ പറഞ്ഞത് ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷംരൂപ വരുമെന്നാണ്. 15 പൈസ പോലും ഡെപ്പോസിറ്റ് ചെയ്തിട്ടില്ല.’ അദ്ദേഹം പറയുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നാണ് ഭാവി പരിപാടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ലോക നിലവാരത്തിലുള്ള സ്‌കൂളുകള്‍ വരും. റോഡുകളും ലെയ്‌നുകളും നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പെന്‍ഷന്‍ ഇരട്ടിയാക്കിയെങ്കിലും ആളുകള്‍ക്ക് അത് ലഭിച്ചിട്ടില്ല. ക്യാമ്പുകള്‍ നടത്തി അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.