Categories

മോഡിയും സോളാര്‍ കുരുക്കില്‍: ചോര്‍ത്തല്‍ വിവാദത്തിലെ യുവതിയ്ക്ക് സോളാര്‍ കമ്പനിയുമായി ബന്ധം

modi-2

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയും സോളാര്‍ കുരുക്കില്‍.

2009-ല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്ത് പൊലീസ് നിരീക്ഷിച്ച യുവതിയ്ക്ക് സോളാര്‍ കമ്പനിയുടമയുമായി അടുത്ത ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിരീക്ഷണത്തിന് അമിത് ഷാ വാക്കാല്‍ ഉത്തരവ് നല്‍കിയതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗരോര്‍ജ പദ്ധതികളുടെ കരാര്‍ ലഭിച്ച കമ്പനിയുടെ ഉടമയുടെ സഹോദരിയാണ് ബംഗളൂരു സ്വദേശിനിയായ യുവതി.  ആര്‍ക്കിടെക്ടായ യുവതിയുടെ കുടുംബവുമായി മോഡിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ കമ്പനിയ്ക്ക് തന്നെ കരാര്‍ നല്‍കിയതെന്നുമാണ് ആരോപണം.

യുവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥാപനത്തിന് കരാര്‍ നല്‍കിയതിലൂടെ ഖജനാവിന്  കോടികളുടെ നഷ്ടമുണ്ടായെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്യമായ പ്രവര്‍ത്തനപരിചയമില്ലാത്ത സ്ഥാപനത്തിന് കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ കരാര്‍ നല്‍കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

യുവതിയെ നിരീക്ഷിച്ച സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഗുജറാത്തില്‍ സ്വര്‍ണവ്യാപാരം നടത്തിയിരുന്ന പ്രാണ്‍ലാല്‍ സോണിയുടെ മകളാണ് നിരീക്ഷിക്കപ്പെട്ട യുവതി.

യുവതി മോഡിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇയാള്‍ സോളാര്‍ കമ്പനി രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് കോഹില്‍ ആരോപിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ അടച്ചത് പോലും ഗുജറാത്ത് സര്‍ക്കാരാണെന്ന ആരോപണത്തിന് പിന്നാലെയാണിത്.

2005-ല്‍ കച്ചില്‍ നടന്ന ശൈത്യകാലമേളയിലാണ് യുവതിയും മോഡിയും ആദ്യമായി കണ്ടുമുട്ടിയത്. മോഡിയായിരുന്നു മേളയുടെ ഉദ്ഘാടകന്‍.

ഇതിന് പിന്നാലെയാണ് യുവതിയുടെ സഹോദരന്‍ ഇക്യുലിബ്രിയം എന്ന പേരില്‍ സോളാര്‍ കമ്പനി രൂപീകരിക്കുന്നത്. ഉടന്‍ തന്നെ ഗാന്ധിനഗര്‍ ഗ്രിഡ് പ്രോജക്ട് ഉള്‍പ്പെടെയുള്ള വലിയ കരാറുകള്‍ ലഭിക്കുകയും ചെയ്തു.

യുവതി കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. കമ്പനിയ്ക്ക് കരാറുകള്‍ ലഭിച്ചതിന് പിന്നാലെ യുവതി മോഡിയുമായി അകലുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മോഡി അമിത് ഷാ വഴി യുവതിയെ നിരീക്ഷിച്ചത്.

Tagged with: