ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ദേശീയസുരക്ഷ സംബന്ധിച്ച വ്യക്തമായ നയം കേന്ദ്രസര്‍ക്കാറിന് ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

അനുയോജ്യമായ മറുപടി നല്‍കുന്നതിന് പകരം പാകിസ്താന്‍ നേതാക്കളുടെ പിറന്നാള്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാനും സംയുക്ത അന്വേഷണസംഘത്തെ നമ്മുടെ വ്യോമതാവളങ്ങളിലേക്ക് ക്ഷണിക്കുകയുമെല്ലാം ചെയ്യുന്ന കാര്യങ്ങളില്‍ തിരക്കിലാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് വളകള്‍ അയച്ച് കൊടുക്കണം എന്നാണ് അന്നത്തെ ഒരു ബി.ജെ.പി വനിതാ എം.പി പറഞ്ഞതെന്നും കപില്‍ സിബല്‍ പറഞ്ഞു.


Also Read: ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ‘മാതൃഭൂമി’; മാതൃഭൂമിയുടേത് ഇരട്ടത്താപ്പെന്ന് വിമര്‍ശകര്‍


ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വള അയച്ച് കൊടുക്കാന്‍ അവര്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരുടെ തലകള്‍ക്ക് പകരമായി എത്ര തലകള്‍ കൊണ്ടുവന്നു എന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതിനെ ഉദ്ധരിച്ച്‌കൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്താന്‍ വികൃതമാക്കിയത്. തിരിച്ചടിക്കാനായി സൈന്യത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി അതിര്‍ത്തിയില്‍ ഇപ്പോള്‍ സൈന്യത്തിന് കേന്ദ്രം സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്.