ന്യൂദല്‍ഹി: കര്‍ഷകരുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് ആര്‍.എസ്.എസ് അനുബന്ധ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. ദേശീയ വൈസ് പ്രസിഡന്റ് പ്രഭാകര്‍ ഖേല്‍ക്കറാണ് മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ രംഗത്തെത്തിയത്.

കര്‍ഷര്‍ അവരുടെ വിളകള്‍ നഷ്ടത്തില്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Dont Miss കോഴിക്കോട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍


കഴിഞ്ഞ കാര്‍ഷിക ഉല്‍പാദനത്തില്‍ കുറഞ്ഞ ഉല്‍പാദനം മാത്രമായിരുന്നു ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷം നല്ല വിള ലഭിച്ചു. എന്നാല്‍ വളരെ കുറഞ്ഞ വിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചതെന്ന് മാത്രം. സര്‍ക്കാര്‍ ഉല്‍പ്പാദനത്തിന് ഉചിതമായ വ്യവസ്ഥകള്‍ ഉണ്ടാക്കി, എന്നാല്‍ വിലനിര്‍ണ്ണയ കാര്യത്തില്‍ പിഴവ് സംഭവിച്ചു.

നോട്ട് നിരോധനം വലിയ രീതിയില്‍ തന്നെ കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനം കര്‍ഷകരെ വല്ലാതെ വലച്ചു. കൃഷിക്കാര്‍ക്ക് പണം ആവശ്യമുണ്ട്, അവര്‍ക്ക് പണമില്ലാത്തതിനാല്‍ ജോലി ചെയ്യാനാവില്ല. കാഷ്‌ലെസ് സംവിധാനമൊന്നും അവര്‍ക്കിടയില്‍ നടക്കില്ല. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായകമായ ഒരു പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

നോട്ട് നിരോധനം പോലെ തന്നെ കന്നുകാലി കശാപ്പ് നിരോധനം സര്‍ക്കാര്‍ തിരക്കിട്ട് എടുത്ത ഒരു തീരുമാനമാണ്. സര്‍ക്കാര്‍ ആദ്യം അത്തരമൊരു ആശയം പൊതു ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കേണ്ടിയിരുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ എടുത്തതിനുശേഷം മാത്രമേ മുന്നോട്ടു പോകാന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും പ്രഭാകര്‍ ഖേല്‍കര്‍ പറഞ്ഞു.

ഇപ്പോള്‍ കന്നുകാലി കശാപ്പ് നിരോധിച്ചും വില്‍പ്പനയില്‍ നിയന്ത്രണങ്ങേര്‍പ്പെടുത്തിയുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവും കര്‍ഷകരെ തന്നെയാണ് നേരിട്ടുബാധിക്കുന്നത്. ആവശ്യമില്ലാത്ത കന്നുകാലികളുടെ ഭാരം കൂടി ഇപ്പോള്‍ കര്‍ഷര്‍ ചുമക്കേണ്ട അവസ്ഥയിലായി.

മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭത്തിനെതിരായ പൊലീസ് വെടിവെപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് തികച്ചും അപലപനീയമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അതേസമയം തന്നെ സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.