ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനുവേണ്ടി സ്‌പെഷ്യല്‍ എക്‌ണോമിക് സോണുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മോദി സര്‍ക്കാര്‍ ഭേദഗതി വരുത്തി. സര്‍ക്കാറിന്റെ ഈ നടപടി കാരണം മോദിയുമായി ഏറെ അടുപ്പമുള്ള ഗൗതം അദാനി ഗ്രൂപ്പിന് 500കോടി ലാഭമുണ്ടായതായും ഇ.പി.ഡബ്ല്യു രേഖാമൂലം റിപ്പോര്‍ട്ടു ചെയ്യുന്നു.

അദാനി ഗ്രൂപ്പിനുവേണ്ടി 2016 ആഗസ്റ്റില്‍ സ്‌പെഷ്യല്‍ എക്‌ണോമിക് സോണ്‍സ് നിയമം വാണിജ്യ മന്ത്രാലയം ഭേദഗതി വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2005ലെ സെസ് നിയമത്തില്‍ റീഫണ്ടിന് അവകാശപ്പെടാവുന്ന ചട്ടം ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.


Must Read: മുസ്‌ലീങ്ങളെ മുഴുവനും ഞാന്‍ കൊന്നൊടുക്കും; ജനങ്ങളോട് ലണ്ടന്‍ അക്രമിയുടെ ആക്രോശം


അദാനി പ്രൈവറ്റ് ലിമിറ്റഡിന് കസ്റ്റംസ് ഡ്യൂട്ടിയായി 500കോടി രൂപ റീഫണ്ട് അവകാശപ്പെടാന്‍ അവസരം നല്‍കാനാണ് നിയമം ഭേദഗതി ചെയ്തതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായെന്ന് ഇ.പി.ഡബ്ല്യു റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി നിര്‍മ്മിക്കാനായി ഇറക്കുമതി ചെയ്ത കല്‍ക്കരിക്ക് കസ്റ്റംസ് ഡ്യൂട്ടി നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ആദാനി പ്രൈവറ്റ് ലിമിറ്റഡ് ഈ തുകയ്ക്ക് അവകാശവാദമുയര്‍ത്തിയത്. എന്നാല്‍ ഇത്തരത്തില്‍ എ.പി.എല്‍ ഡ്യൂട്ടി നല്‍കിയിട്ടില്ലെന്നാണ് തങ്ങള്‍ക്കു രേഖകള്‍ വ്യക്തമാക്കുന്നതെന്നും ഇ.പി.ഡബ്ലു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുജറാത്തിലെ അദാനി പോര്‍ട്ട് ആന്റ് സ്‌പെഷ്യല്‍ എക്‌ണോമിക് സോണ്‍ ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇ.പി.ഡബ്ല്യു ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്.


Also Read: ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ചു; റാണാ അയൂബിനെതിരെ ബി.ജെ.പി 


‘506 കോടി രൂപ റീഫണ്ടിനായി അദാനി പോര്‍ട്ട് സെസ് ലിമിറ്റഡിന്റെ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ക്കു മുമ്പാകെ അദാനി പവര്‍ ഒരു റീഫണ്ട് അപേക്ഷ ഫയല്‍ ചെയ്തു. ഈ റീഫണ്ട് അപ്ലിക്കേഷന് അനുകൂലമായി കസ്റ്റംസ്, എക്‌സൈസ്, സര്‍വ്വീസ് ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് മുന്നോട്ടുപോകാന്‍ സഹായകരമായി സെസ് നിയമത്തിലെ റൂള്‍ 47 വാണിജ്യ മന്ത്രാലയം ഭേദഗതി ചെയ്തു.’ പേരു വെളിപ്പെടുത്താന്‍ തയ്യാറാവാതെ അദാനി പോര്‍ട്ട് സെസിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

2016 ആഗസ്റ്റ് 5ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലൂടെയാണ് 2006ലെ സെസ് റൂളില്‍ ഭേദഗതി വരുത്തിയത്.