ന്യൂദല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതിനു തൊട്ടുപിന്നാലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെതിരെയും മോഡി സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്കു വ്യക്തമാക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ പകവീട്ടല്‍ നടപടിക്കൊരുങ്ങുന്നത്.

മോഡിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ അന്വേഷണ കമ്മീഷന് കൈമാറിയ ശര്‍മയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസയച്ചിട്ടുണ്ട്. കുറ്റവിമുക്തനാക്കാന്‍ കാരണമുണ്ടെങ്കില്‍ ഉടന്‍ വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന നാനാവതി കമ്മീഷനും പ്രത്യേക അന്വേഷണസംഘത്തിനും (എസ.്‌ഐ.ടി) സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയതാണ് സര്‍ക്കാരിന്റെ നടപടിയ്ക്കു കാരണമായത്. കലാപം നടന്ന 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങുന്ന സി.ഡി സെല്‍ഫോഴ്‌സ്, എ.ടി ആന്റ് ടി തുടങ്ങിയവ സ്വകാര്യ ഫോണ്‍ കമ്പനികളില്‍ നിന്നു ശേഖരിച്ച ശര്‍മ അതിന്റെ കോപ്പി എസ്.ഐ.ടിക്ക് കൈമാറിയിരുന്നു. ഗോധ്ര കലാപക്കേസ് അന്വേഷിക്കുന്ന ബാനര്‍ജി കമ്മീഷനും ഗുല്‍ബെര്‍ഗ് സൊസൈറ്റി, നരോദ ഗാം, നരേദാപാട്യ കൂട്ടക്കൊല തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്ന ഗുജറാത്ത് പോലീസിന്റെ സിറ്റി ക്രൈംബ്രാഞ്ചിനും ഈ സംഭാഷണങ്ങളുടെ പകര്‍പ്പ് അയച്ചിരുന്നു. ശര്‍മ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മോഡിയെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. ഈ സിഡികള്‍ പിന്നീട് കാണാതായെന്ന വാര്‍ത്തയുണ്ടായിരുന്നു.

2008ല്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ സുപ്രീംകോടതി നിയമിച്ച എസ്.ഐ.ടിയുടെ പ്രധാന സാക്ഷികളില്‍ ഒരാളാണ് ശര്‍മ. സംസ്ഥാനസര്‍ക്കാരിന്റെ നടപടിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് ഡി.ഐ.ജിയായ രാഹുല്‍ ശര്‍മ.

മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് 2002 ല്‍ നടന്ന ഗുജറാത്ത് വംശഹത്യയില്‍ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൃത്യവിലോപം കാട്ടിയെന്നാരോപിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച സഞ്ജീവ് ഭട്ടിനെ മോഡി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി അവധിയെടുത്തു, ഓഫീസ് വാഹനം ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഭട്ടിന്റെ സസ്‌പെന്‍ഷന് കാരണമായത്. ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് മോഡിയ്‌ക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് ഭട്ട് മാധ്യമശ്രദ്ധ നേടിയത്. ഗോധ്ര സംഭവം നടന്ന ദിവസം രാത്രി മോഡിയുടെ വസതിയില്‍ചേര്‍ന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും ന്യൂനപക്ഷത്തിനെതിരെ തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ഹിന്ദു സമുദായത്തെ അനുവദിക്കണമെന്ന് പോലീസ് സേനയോട് മോഡി ആവശ്യപ്പെട്ടിരുന്നുവെന്നും ഭട്ട് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.