Categories

മോഡി സര്‍ക്കാര്‍ ജഡ്ജിമാരെ ഭൂമി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരിക്കെ മൂന്ന് മാസം മുമ്പ് അമിത്ഷാ മുന്‍കയ്യെടുത്ത് ഗുജറാത്ത് ഹൈക്കോടതിയിലെ എല്ലാ ജഡ്ജുമാര്‍ക്കും കുറഞ്ഞ വിലക്ക് ഭൂമി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. പേര് വെളിപ്പെടുത്താത്ത കോടതി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റെഡിഫ്.കോം ആണ് ഇക്കാര്യം പുറത്ത് വിട്ടത്. രണ്ട് ജഡ്ജിമാരൊഴികെ എല്ലാവരും വാഗ്ദാനം സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാര്‍ക്കറ്റ് വിലയെക്കാള്‍ വളരെ കുറഞ്ഞ വിലക്കാണ് ഇത്തരത്തില്‍ ഭൂമി നല്‍കിയത്. അഹമ്മദാബാദിനടുത്ത സോള, ഗോട്ട ഗ്രാമങ്ങളിലെ ഭൂമിയാണ് ഇങ്ങിനെ നല്‍കിയതെന്ന് പേരു വെളിപ്പെടുത്താത്ത ഹൈക്കോടതി അഭിഭാഷകന്‍ വ്യക്തമാക്കി.

സോള ഗ്രാമം ഇപ്പോള്‍ ടൗണ്‍ഷിപ്പായി വികസിച്ചുകൊണ്ടിരിക്കയാണ്. പ്രദേശത്ത് ഭൂമി വില വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. പ്രദേശത്തെ കര്‍ഷകരുടെ ഭൂമി പ്രശ്‌നത്തില്‍ കേസ് നടത്തുന്ന അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. മാര്‍ക്കറ്റില്‍ 30,00 രൂപ വിലയുള്ള ഇവിടത്തെ ഭൂമി ജഡ്ജിമാര്‍ക്ക് നല്‍കിയത് 10000 രൂപക്കാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

ഇവിടെ 400 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ഇങ്ങിനെ ജഡ്ജിമാര്‍ക്ക് കൈമാറുകയുണ്ടായി. എന്നാല്‍ ഭൂമി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്ന രണ്ട് ജഡ്ജുമാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

സുഹ്‌റബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കഴിഞ്ഞ ദിവസമാണ് അമിത് ഷായെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാനാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇത്തരത്തില്‍ ഭൂമി വിതരണം ചെയ്തതെന്നാണ് ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.