എഡിറ്റര്‍
എഡിറ്റര്‍
പരാജയ ഭീതിയില്‍ മോദി യു.പി തെരഞ്ഞെടുപ്പ് റാലിയില്‍ ജാതീയതയും വര്‍ഗ്ഗീയതയും കലര്‍ത്തുന്നു: മായാവതി
എഡിറ്റര്‍
Tuesday 21st February 2017 5:01pm

 

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ബി.എസ്.പി അധ്യക്ഷ മായവതി. മോദിയും ബി.ജെ.പിയും യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ജാതീയതയും വര്‍ഗ്ഗീയതയും കലര്‍ത്തുകയാണെന്ന് മായവതി ആരോപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബി.ജെ.പി നേതാക്കളുടെ പ്രചരണ പരിപാടികള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കുമെന്നും പ്രത്യേകിച്ച് മോദിയുടേതെന്നും മായവതി പറഞ്ഞു.


Also read മാതൃഭാഷാ ദിനത്തില്‍ ഗുജറാത്തില്‍ നിന്നൊരു മാതൃക വാര്‍ത്ത; മകളെ ഗുജറാത്തി പഠിപ്പിക്കുവാനായി ദമ്പതികള്‍ ഉപേക്ഷിച്ചത് ഉന്നത ജോലി 


പ്രധാനമന്ത്രിയെ ദളിത് വിരുദ്ധനെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് മായവതി വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. യു.പിയില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരാജയം ഉറപ്പാക്കിയ ബി.ജെ.പി വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മായവതി ആരോപിച്ചു.

ഇന്നലെ മോദി നടത്തിയ ‘ഖബര്‍സ്ഥാന്‍-ശ്മശാന’, ‘ഈദ്-ദിവാലി’ പരാമര്‍ശങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷികളെല്ലാം വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് മായവതി തെരഞ്ഞെടുപ്പില്‍ ജാതിയുടെയും മതത്തിന്റെയും നിറങ്ങള്‍ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ഇന്നലെ ഫത്തേപൂരില്‍ നടന്ന ബി.ജെ.പി റാലിയിലായിരുന്നു മോദി ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ ശ്മശാനവും വേണമെന്നും ഈദിന് വൈദ്യൂതി ലഭിക്കുന്നുണ്ടെങ്കില്‍ ദിപാവലിക്കും ലഭിക്കണമെന്നും പറഞ്ഞത്. എന്നാല്‍ ഇത്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ യു.പിയില്‍ നടത്തുന്നതിനു മുമ്പ് ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലും മധ്യപ്രദേശിലും എല്ലാ സൗകര്യങ്ങളും നിലവിലുണ്ടോയെന്ന് മോദി പരിശോധിക്കണമെന്ന് മായവതി തിരിച്ചടിച്ചു.

രാഷ്ട്രീയ നുണകള്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പി അവസാനിപ്പിക്കണമെന്ന് പറഞ്ഞ മായവതി ബി.ജെ.പി ഇത്തരം തരം താണ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement