എഡിറ്റര്‍
എഡിറ്റര്‍
ഷീലാ ദീക്ഷിതിന്റെ മണ്ഡലത്തില്‍ റാലി നടത്താന്‍ മോഡിയ്ക്ക് അനുമതിയില്ല
എഡിറ്റര്‍
Saturday 30th November 2013 1:32pm

modi-rally

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലി നടത്താന്‍ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്ക്ക് അനുമതി നിഷേധിച്ചു.

അടുത്തയാഴ്ച നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചരണത്തിനായാണ് മോഡി ദല്‍ഹിയിലെത്തിയത്.

ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലാണ് ന്യൂദല്‍ഹി  മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് റാലി നടത്താന്‍ അനുമതി നിഷേധിച്ചത്. പാര്‍ട്ടി മുന്നോട്ട് വച്ച നാല് സ്ഥലങ്ങളിലും കൗണ്‍സില്‍ അനുമതി നിഷേധിച്ചു. സുരക്ഷാപ്രശ്‌നങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ബി.ജെ.പിയും  കോണ്‍ഗ്രസും മാത്രമേ രംഗത്തുള്ളുവെങ്കില്‍ ദീക്ഷിത് വിരുദ്ധ വോട്ടുകള്‍ സ്വാഭാവികമായും ബി.ജെ.പിയുടെ പെട്ടിയിലാണ് വീഴേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ആം ആദ്മി പാര്‍ട്ടിയിലേയ്ക്കായി ഭിന്നിച്ച് പോകുമെന്ന് ബി.ജെ.പിയ്ക്ക ഭയമുണ്ട്. അതിനാലാണ് തലസ്ഥാനത്ത് ഒരിക്കല്‍ കൂടി പ്രചരണം നടത്താന്‍ മോഡി എത്തുന്നത്.

ഇന്ന് നാല് റാലികള്‍ നടത്താനാണ് പാര്‍ട്ടി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒരു റാലി നടത്താന്‍ പോലും അനുവാദം ലഭിക്കാത്തതിനാല്‍ ഷഹാദ്ര, സുല്‍ത്താന്‍പുരി, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലെ ജനക്കൂട്ടത്തെ മോഡി അഭിസംബോധന ചെയ്യും.

കേന്ദ്രത്തിലും ദല്‍ഹിയിലും ഭരണം നടത്തുന്ന കോണ്‍ഗ്രസിനെതിരെ മോഡി ശക്തമായ ആക്രമണമഴിച്ച് വിടാന്‍ സാധ്യതയേറെയാണ്. ഇതിനാലാണ് മോഡിയ്ക്ക് അനുമതി നിഷേധിച്ചതെന്ന് ബി.ജെ.പി ആരോപിക്കുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ദല്‍ഹി മുഖ്യമന്ത്രിയായിരിക്കുന്ന ഷീലാ  ദീക്ഷിതിന്റെ ഇത്തവണത്തെ എതിരാളി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളാണ്. കെജ്‌രിവാള്‍ വന്‍വിജയം നേടുമെന്നാണ് അഭിപ്രായസര്‍വേകള്‍ വെളിപ്പെടുത്തുന്നത്.

ഇത്തരം സര്‍വേകള്‍ തന്നെ ബാധിക്കില്ലെന്നാണ് ഷീല ദീക്ഷിത് നേരത്തെ പ്രതികരിച്ചത്.

Advertisement