ന്യൂദല്‍ഹി: ആള്‍ദൈവം ഗുര്‍മീത് സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനണെന്ന് കോടതി വിധിച്ചതോടെ രാജ്യത്ത്് പലയിടത്തും പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പ്രധാനമന്ത്രി അപലപിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഹരിയാനയില്‍ തുടങ്ങി പഞ്ചാബിലും ദല്‍ഹിയിലുമടക്കം വ്യാപിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

‘രാജ്യത്തെ സംഭവവികാസങ്ങളില്‍ അതിയായ ദു:ഖമുണ്ട്. പ്രദേശത്തെ സാധാരണഗതിയിലേക്കെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’

വിധി പ്രഖ്യാപിച്ചതുമുതല്‍ ദേരാ സച്ചാ സൗദാ അനുനായികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്.നേരത്തെ രാജ്യത്ത് നടക്കുന്ന കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഷ്ട്രപതി പ്രതികരണം നടത്തിയത്.


Also Read: ‘അക്രമം തടയാന്‍ റാം റഹീമിനെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’; ഹരിയാനയിലെ ദേരാ സച്ചാ സേദ കലാപത്തില്‍ പ്രതികരണവുമായി സഞ്ജീവ് ഭട്ട്


‘അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നു. കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല.’ അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.