അഹമ്മദാബാദ്: ജനങ്ങളുമായി ഒരു തത്സമയ സംഭാഷണത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗൂഗിള്‍ പ്ലസിന്റെ ഹാങ്ഔട്ട് എന്ന സംവിധാനത്തിലൂടെയാണ് ആഗസ്ത് 31 വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുമായി മോഡി മുഖാമുഖം സംവദിക്കുന്നത്.

Ads By Google

മോഡിയുടെ സംവാദം യൂട്യൂബിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇന്റര്‍നെറ്റ് മുഖാന്തിരം ജനങ്ങളുമായി തത്സമയം സംവദിക്കുന്നത്.

ആഗസ്ത് 29 വരെ ഗൂഗിള്‍ പ്ലസിലൂടെ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് എട്ട്‌ പേരെ തിരഞ്ഞെടുത്ത് അവരുടെ ചോദ്യങ്ങള്‍ക്കായിരിക്കും മോഡി മറുപടി പറയുക. ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ സംവാദത്തില്‍ മോഡറേറ്ററായിരിക്കും.

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഗൂഗിള്‍ പ്ലസില്‍ ഗ്രൂപ്പ് വീഡിയോ ചാറ്റിനുള്ള സംവിധാനമാണ് ഗൂഗിള്‍ പ്ലസ് ഹാങ്ഔട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും മുമ്പ് ഇന്റര്‍നെറ്റിലൂടെ ജനങ്ങളുമായി നേരിട്ട് സംവാദം നടത്തിയിട്ടുണ്ട്.