ന്യൂദല്‍ഹി: ഗുജറാത്തിലെ പോഷകാഹാരക്കുറവിന് കാരണം വെജിറ്റേറിയനിസവും പെണ്‍കുട്ടികളുടെ സൗന്ദര്യശ്രദ്ധയുമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി.

Ads By Google

‘ ഗുജറാത്തില്‍ സസ്യബുക്കുകളുടെ എണ്ണം വര്‍ധിക്കുകയാണ്. രണ്ടാമത്തെകാര്യം ഗുജറാത്ത് മധ്യവര്‍ഗ സംസ്ഥാനമാണ്. ആരോഗ്യത്തെക്കാള്‍ മധ്യവര്‍ഗത്തിന്റെ ശ്രദ്ധ സൗന്ദര്യത്തിലാണ്. ഇതൊരു വെല്ലുവിളിയാണ്. ഒരു അമ്മ മകള്‍ക്ക് പാല് കൊടുത്താല്‍ അവള്‍ അത് കുടിക്കണമെങ്കില്‍ ഒരു യുദ്ധം തന്നെ വേണ്ടിവരുന്നു. അവള്‍ അമ്മയോട് പറയുന്നു, ഞാന്‍ പാല് കുടിക്കില്ല, തടിവെക്കുമെന്ന്’ വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് മോഡി സമ്മതിച്ചു. ഇക്കാര്യത്തില്‍ ഗുജറാത്ത് ഒരു മാതൃകയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ പോഷകാഹാരക്കുറവ് ഭീതിപ്പെടുത്തുന്നതാണെന്ന് പല സര്‍വ്വേ റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നു. സ്ത്രീകളിലും  ഗോത്രവര്‍ഗങ്ങളിലുമാണ് പോഷകാഹാരക്കുറവ് ഏറ്റവുമധികം കാണപ്പെടുന്നത്.

ദേശീയ ശരാശരിയെക്കാളും ഗുജറാത്തിനേക്കാള്‍ ദരിദ്രമായ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും താഴ്ന്ന നിലവാരത്തിലാണ് ഗുജറാത്തിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി.