ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘രാഷ്ട്ര ഋഷി’യാക്കി ബാബാ രാംദേവിന്റെ പത്ര പരസ്യം. ഹരിദ്വാറില്‍ രാംദേവിന്റെ പതഞ്ജലിയുടെ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനത്തിന്റെ പരസ്യത്തിലാണ് മോദിയെ രാഷ്ട്ര ഋഷിയെന്ന് വിശേഷിപ്പിച്ച് പരസ്യം നല്‍കിയിരിക്കുന്നത്.


Also read റെയില്‍വേ വികസനത്തില്‍ അവഗണന; ഇന്നസെന്റ് എം.പി സത്യാഗ്രഹ സമരത്തിലേക്ക് 


രാഷ്ട്ര ഋഷി എന്ന വിശേഷണത്തെ പരസ്യത്തില്‍ വിശദീകരിക്കാനും രാംദേവിന്റെ പത്രപരസ്യം മറന്നിട്ടില്ല. രാജ്യത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട സന്യാസി എന്ന് ബ്രാക്കറ്റില്‍ നല്‍കിയാണ് ദേശീയ പ്രാദേശിക പത്രങ്ങളില്‍ പതഞ്ജലി പരസ്യം നല്‍കിയിരിക്കുന്നത്.

രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ട വ്യക്തി എന്ന ഒരു വാക്കില്‍ മോദിയെ വിശേഷിപ്പിച്ച് നിര്‍ത്താനും പതഞ്ജലി പരസ്യം തയ്യാറാകുന്നില്ല രാജ്യത്തിന്റെ അഭിമാനവും, ദൈവം രാജ്യത്തിന് നല്‍കിയ വരദാനവുമായിട്ടുമാണ് മോദിയെ പതഞ്ജലി വിശേഷിപ്പിക്കുന്നത്.

‘രാജ്യത്തിന്റെ അഭിമാനമായ, രാജ്യത്തെ 125 കോടി ജനങ്ങള്‍ തിളക്കമാര്‍ന്ന ഭാവി പ്രതീക്ഷിക്കുന്ന, സന്യാസിയും ദൈവം രാജ്യത്തിന് നല്‍കിയ വരദാനവുമായ രാഷ്ട്ര ഋഷി ശ്രീ നരേന്ദ്രമോദിജി പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യും’ എന്നായിരുന്നു പത്ര പരസ്യം. ആയുര്‍വേദരംഗത്ത് യോഗ, വേദശാസ്ത്രം എന്നിവയില്‍ ഊന്നിക്കൊണ്ട് ഗവേഷണം പ്രോത്സാഹിപ്പിക്കാനെന്ന പേരിലാണ് പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരിക്കുന്നത്.