ഗുജറാത്ത്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നാനാവതി കമ്മീഷനുമുന്നില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഹാജരാകേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റീസുമാരായ അഖില്‍ ഖുറേഷിയും സോണിയ ഗോഖാനിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് മോഡിക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മോദി നേരിട്ട് ഹാജരാവണമെന്ന ആവശ്യവുമായി എന്‍.ജി.ഒ സംഘമായ ജന സംഘര്‍ഷ് മഞ്ചും കലാപത്തിന്റെ ഇരകളും സമര്‍പ്പിച്ച  പൊതുതാത്പര്യ ഹര്‍ജിയാണ്  ഹൈക്കോടതി നിരസ്സിച്ചത്. വംശഹത്യ കേസില്‍ നരേന്ദ്ര മോദിയെ വിസ്തരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ആവശ്യമുന്നയിച്ച് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന ജസ്റ്റീസുമാരായ ജി.ടി നാനാവതിയും അക്ഷയ് മേത്തയും അടങ്ങുന്ന കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും കമ്മീഷനും ഈ ആവശ്യം നിരസിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ്.കെ. മുകോപാധ്യായ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ആദ്യം ഹര്‍ജിയില്‍ വാദം കേട്ടിരുന്നതെങ്കിലും ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തോടെ പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

ഇതില്‍ കമ്മീഷനാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതിയ്ക്ക് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മോദിയ്ക്ക് ആശ്വാസം നല്‍കുന്ന ഉത്തരവാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

2002ലെ കലാപക്കേസുകളില്‍ മോദിയെ ചോദ്യം ചെയ്യേണ്ടെന്ന് കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. മുന്‍ എം പി ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട 2002ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപക്കേസില്‍ മോഡിയെ സുപ്രിം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം ഇതിനു മുന്‍പ് ചോദ്യം ചെയ്തിരുന്നു

മോദിയെയും മറ്റുമൂന്നുപേരെയും എതിര്‍വിസ്താരം നടത്താന്‍ സമന്‍സ് നല്‍കണമെന്ന ആവശ്യത്തിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാനാവതി കമ്മിഷന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജെ .എസ്. എം നല്‍കിയ ഹര്‍ജി തള്ളിയത്.

കമ്മിഷന്‍ ഉത്തരവ് അസാധുവാക്കണമെന്നും മോദിയെയും അന്നത്തെ ആഭ്യന്തരമന്ത്രി ഗോര്‍ധന്‍ സദാഫിയ, ആരോഗ്യമന്ത്രി അശോക് ഭട്ട്, ഡി സി പിയായിരുന്ന ആര്‍ ജെ സവാനി എന്നിവരെയും എതിര്‍വിസ്താരം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സംഘടന ഹൈക്കോടതിയെ സമീപിച്ചത്.

കലാപത്തില്‍ ഇരയായവര്‍ക്കുള്ള തിരിച്ചടിയാണ് ഇത്. ഹൈക്കോടതി ഉത്തരവിനെതിരെ സംഘടന സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Malayalam News

Kerala News In English