എഡിറ്റര്‍
എഡിറ്റര്‍
തൊഴില്‍രഹിതരായ ചെറുപ്പക്കാരെ ജിഹാദ് സ്വാധീനിക്കുന്നു: സല്‍മാന്‍ റുഷ്ദി
എഡിറ്റര്‍
Monday 17th September 2012 11:53am

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെ യുവാക്കള്‍ക്കിടയില്‍ ജിഹാദ് വ്യാപകമാകുന്നതായി വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. സി.എന്‍.എന്‍ ഐ.ബി.എന്നുമായുള്ള അഭിമുഖത്തിനിടയിലാണ് റുഷ്ദി ഇക്കാര്യം പറഞ്ഞത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെ തൊഴില്‍രഹിതരായ യുവാക്കള്‍ ജിഹാദ് പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരാകുന്നെന്നാണ് റുഷ്ദി പറഞ്ഞത്.

Ads By Google

‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിം’ എന്ന വിവാദ സിനിമയുമായി ബന്ധപ്പെട്ട് ലോകത്തെമ്പാടും ഇന്ത്യയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നടന്ന് കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് റുഷ്ദിയുടെ പരാമര്‍ശം.

രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും റുഷ്ദി ചോദ്യം ചെയ്യുന്നു. റുഷ്ദിയുടെ വിഖ്യാത നോവല്‍ മിഡ്‌നൈറ്റ് ചില്‍ഡ്രണ്‍സിന്റെ ചലചിത്രാവിഷ്‌കാരത്തിന് ഇന്ത്യയില്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങള്‍:

ചോദ്യം: ഇസ്‌ലാമിനെ പൊതുവേ രണ്ട് തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഒന്ന്, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മതമായി. മറ്റൊന്ന് മതത്തിന്റെ അമിതമായ ആധിപത്യവും. ഇത് ശരിയല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? രണ്ട് തരത്തിലുള്ള ഇസ്‌ലാം ഇല്ലെന്നും യഥാര്‍ത്ഥ ഇസ്‌ലാം ഇന്ന് പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

റുഷ്ദി: ചില കാര്യങ്ങള്‍ തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് ഇസ്‌ലാം വളരെ പരുക്കനായിരിക്കുകയാണ്. ഒരു ഭാഗത്ത് സൗദി അറേബ്യ പോലുള്ള രാജ്യങ്ങളുടെ എണ്ണ പണം കൊണ്ട് തടിച്ച് കൊഴുത്ത വഹാബി ആശയങ്ങളും മറുവശത്ത് ആയത്തുള്ളയുടെ ഷിയാ വിഭാഗവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ഓരോ സ്ഥലത്തും ഇതിന് ഓരോ കാരണങ്ങള്‍ കാണും.

പല രാജ്യങ്ങളും സാമ്പത്തികമായി ഏറെ പിന്നിലാണ്. ഇവിടങ്ങളിലെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള സാഹചര്യമില്ല. ഇവര്‍ക്കിടയിലേക്കാണ് ജിഹാദ് എത്തുന്നത്. ഇത് ഇവര്‍ക്ക് പുതിയൊരു ലക്ഷ്യബോധം ഉണ്ടാക്കുന്നു. പുതിയൊരു പ്രലോഭനമാണ് ഇവര്‍ക്കിത്. അവരെ ഇത് പലതരത്തിലും മോഹിപ്പിക്കുന്നു.വളരെ അപകടകരമായ കാര്യമാണിത്.

ചോദ്യം: ഇന്ത്യയില്‍ കാര്യക്ഷമമായ രീതിയില്‍ സര്‍ഗാത്മ ചിന്ത നടക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?

റുഷ്ദി: എനിക്കങ്ങനെ തോന്നുന്നുണ്ട്. ഇവിടെ എന്ത് ചെയ്താലും ആക്രമിക്കുകയാണ്.   അസിം ത്രിവേദിയുടെ കാര്യം തന്നെയെടുക്കാം . വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് കാര്‍ട്ടൂണിലൂടെ പറഞ്ഞതായിരുന്നു അസിം ചെയ്ത തെറ്റ്. ഇന്ത്യക്ക് മഹത്തായ രാഷ്ട്രീയ കാര്‍ട്ടൂണ്‍ പാരമ്പര്യം ഉണ്ടെന്നത് പോലും ആരും ഓര്‍ക്കുന്നില്ല.

ചോദ്യം: അഭിപ്രായ സ്വാതന്ത്ര്യം കൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കുന്നത് മതം ഉള്‍പ്പെടെയുള്ളവയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമെന്നാണോ?

റുഷ്ദി: അതെ, ഇതില്‍ നിന്നും പുറത്ത് കടക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ആശയങ്ങള്‍ കരുത്തുള്ളതാണെങ്കില്‍ വിമര്‍ശനം സാധ്യമാകും.

ചോദ്യം: താങ്കളുടെ മിഡ്‌നൈറ്റ് ചില്‍ഡ്രണിന്റെ ദൃശ്യരൂപത്തിന് ഇന്ത്യയില്‍ ഒരു ഡിസ്ട്രിബ്യൂട്ടറെ പോലും ലഭിച്ചിട്ടില്ല.

റുഷ്ദി: നമ്മുടെ പ്രസ്സ് കുറച്ച് കൂടി മുന്നോട്ട് ചിന്തിക്കുന്നത് നന്നാവുമെന്ന് തോന്നുന്നു. ഇത് വരെ ആ സിനിമ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തില്‍ എന്റെ വോയ്‌സ് ഓവര്‍ നരേഷനുണ്ട്. അത് നീക്കം ചെയ്യാനുള്ള വിവേക ശൂന്യമായി ആവശ്യങ്ങളാണുള്ളത്. എത്ര ആഭാസകരമാണിത്.

Advertisement