അഹമ്മദാബാദ്: മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം എന്ന അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആശുപത്രിയിലെത്തിയാല്‍ പോക്കറ്റില്‍ ലക്ഷങ്ങളില്ലെങ്കില്‍ നിങ്ങളെ അവര്‍ ചവുട്ടിപ്പുറത്താക്കും. ഇതാണ് മോദിയുടെ ഗുജറാത്ത് മോഡലെന്നാണ് രാഹുലിന്റെ പരാമര്‍ശം.

‘ഗുജറാത്ത് മോഡലില്‍ നിങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോള്‍ നിങ്ങളുടെ പോക്കറ്റില്‍ ലക്ഷക്കണക്കിന് രൂപയില്ലെങ്കില്‍ അവര്‍ നിങ്ങളെ പുറത്താക്കും. അതാണ് ഭായീ ഗുജറാത്ത് മോഡല്‍. നിങ്ങളുടെ പക്കല്‍ പണമില്ലെങ്കില്‍ ഇവിടെ ഒരു പണിയും നടക്കില്ല.’ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ എല്ലാ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മോദിയുടെ വ്യവസായികളാണ്. ഇതുകാരണം ചെറുകിട കച്ചവടക്കാരാണ് ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Must Read: ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; മതപരിവര്‍ത്തനം നടത്താറുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട്: ഇന്ത്യ ടുഡേ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത്


ജനങ്ങള്‍ ഇപ്പോള്‍ സത്യം മനസിലാക്കിയിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അവര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും കച്ചവടക്കാരുടെയും സര്‍ക്കാറായിരിക്കും ഗുജറാത്തില്‍ വരുന്നത്. അല്ലാതെ വ്യവസായികളുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബുറിച്ചില്‍ നവസര്‍ജന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കല്‍ കാരണം ദുരിതത്തിലായ കര്‍ഷകരെയാണ് റാലിയില്‍ രാഹുല്‍ അഭിസംബോധന ചെയ്തത്.