തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ പരീക്ഷണ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സംവിധാനം പരീക്ഷിക്കുന്നതിനും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷണ തിരഞ്ഞെടുപ്പ് നടത്തുന്നത്.

വട്ടിയൂര്‍കാവ് നിയോജകമണ്ഡലത്തിലെ 35 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടു രേഖപ്പെടുത്തിയാലുടന്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് വോട്ടര്‍ലഭിക്കുമെന്നതാണ് പുതിയ മെഷീന്റെ പ്രത്യേകത. വോട്ട് രേഖപ്പെടുത്തിയ നിമിഷം വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം, വോട്ടിംങ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ സീരിയല്‍ നമ്പര്‍ എന്നിവയുള്‍പ്പെട്ട സ്ലിപ്പാണ് വോട്ടര്‍ക്ക് ലഭിക്കുക.

സ്ഥാനാര്‍ഥികളും വിജയപരാജയങ്ങളും ഇതിലൊരു പ്രശ്‌നമല്ല. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെ നടക്കുന്ന പോളിംഗില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും മണ്ഡലം, ബൂത്ത് പരിധിയില്‍പ്പെടാത്തവര്‍ക്കും വോട്ടുചെയ്യാം. പ്രായപരിധിയില്ലാത്തതിനാല്‍ കുട്ടികളും വോട്ടുചെയ്യാനെത്തുന്നുണ്ട്.

വോട്ട് ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനു പ്രത്യേകസര്‍വേ നടത്തും. പുതിയ സംവിധാനത്തിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശനവും ബൂത്തുകളില്‍ നടത്തും. നവീന സംവിധാനം രാജ്യത്തെ വിവിധ കാലാവസ്ഥകളില്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ഇത് വട്ടിയൂര്‍ക്കാവില്‍ പരീക്ഷിക്കുന്നത്.

കേരളത്തില്‍ വട്ടിയൂര്‍ക്കാവില്‍ മാത്രമാണ് ഈ മോക്ക്‌പോള്‍ അരങ്ങേറുക. ജമ്മു കാശ്മീരില്‍ ലഡാക്ക്, മേഘാലയയില്‍ ചിറാപുഞ്ചി, രാജസ്ഥാനില്‍ ജയ്‌സാല്‍മിര്‍, നോര്‍ത്ത്‌വെസ്റ്റ് ഡെല്‍ഹി എന്നിവിടങ്ങളിലും ഞായറാഴ്ച മോക്ക്‌പോള്‍ നടക്കും.

ഇതിനിടെ പുതിയ പരീക്ഷണം വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ.മുരളീധരന്‍ പറഞ്ഞു.