എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ കലാപത്തിന്റെ ഇരകള്‍; ഗുജറാത്ത് വംശഹത്യയിലെ ഇരയും വേട്ടക്കാരനും ഒരേ വേദിയില്‍
എഡിറ്റര്‍
Tuesday 4th March 2014 7:15am

gujarat-riot1

കണ്ണൂര്‍:  ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നല്‍കിയ അശോക് മോച്ചിയും കത്തിമുനക്ക് മുന്നില്‍ ജീവന് വേണ്ടി കൈകൂപ്പുന്ന കുത്തുബ്ദീന്‍ അന്‍സാരിയും ഒരേ വേദിയില്‍ ഒരുമിച്ചിരുന്നപ്പോള്‍ ചരിത്രത്തിലെ മറ്റൊരു അടയാളത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ആ സദസ്സ്.

18 ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച ‘ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം’ സെമിനാറില്‍ തങ്ങളിരുവരും ഇരകളാണെന്ന് കുത്തുബ്ദീനും അശോക് മോച്ചിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

മോഡിയുടെ ഗുജറാത്ത് ഒരിക്കലും ആര്‍ക്കും ഒരു മാതൃകയല്ലെന്ന് ഇരുവരും പറഞ്ഞു. ഐ.എഫ്.പിയുടെ സെബാസ്റ്റ്യന്‍ ഡിസൂസയെടുത്ത പ്രതികാരദാഹിയായ തന്റെ ചിത്രം കണ്ടപ്പോള്‍ മുതലാണ് മനുഷ്യനായി ജീവിക്കണമെന്ന് മോച്ചിക്ക് തോന്നിത്തുടങ്ങുന്നത്.

ചെരുപ്പുകുത്തിയും ദളിതനുമായ തന്നെ വംശഹത്യയുടെ ഭാഗമാക്കിയതുമുതല്‍ എല്ലാം മോച്ചി സദസ്സിന് മുന്നില്‍ ഏറ്റുപറഞ്ഞു.

മോഡിയുടെ ഗുജറാത്തല്ല മഹാത്മാഗാന്ധിയുടെ ഗുജറാത്ത് ആണ് സ്വപ്‌നം കാണേണ്ടതെന്ന് പറഞ്ഞ മോച്ചി കലാപത്തിന്  ശേഷം പ്രതിഷേധ സൂചകമായി താനിതുവരെ വോട്ട് ചെയ്തിട്ടില്ലെന്ന കാര്യവും തുറന്നു പറഞ്ഞു.

താനടക്കമുള്ള ഒരുപാട് പേര്‍ ഇപ്പോഴും ഗുജറാത്തില്‍ ദരിദ്രരായാണ് കഴിയുന്നതെന്നു പറഞ്ഞ് സൗഹൃദവും സമാധാനവും എന്നെന്നും നിലനില്‍ക്കും എന്ന കവിത കൂടി ചൊല്ലിയാണ് മോച്ചി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

തനിക്ക് മോച്ചിയോട് ദേഷ്യമൊന്നുമില്ലെന്നും സ്‌നേഹം മാത്രമേയുള്ളുവെന്നും പറഞ്ഞ് തുടങ്ങിയ കുത്തുബ്ദീന്‍ അന്‍സാരി മതേതത്വത്തെക്കുറിച്ച് സംസാരിക്കുന്നവരോടെ താന്‍ ഇനി സംസാരിക്കുകയുള്ളു എന്നും പറഞ്ഞു.

ഇവിടെ വന്നപ്പോള്‍ തന്നെ കാണാന്‍ 200 ഓളം പേര്‍ വന്നുവെന്നും അതില്‍ ഹിന്ദുക്കളാരെന്നോ മുസ്‌ലിങ്ങളാരെന്നോ മനസിലായില്ലെന്നും അതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ഒരുമിച്ചിരിക്കാന്‍ കഴിയാത്ത തങ്ങളെ ഇവിടെ ഒരേ വേദിയില്‍ എത്തിച്ചത് കേരളീയരാണ്. അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കുത്തുബ്ദീന്‍ പറഞ്ഞു.

മനുഷ്യത്വം കാണിക്കാതെ ഖുര്‍ആനും ഗീതയും വായിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement