എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ ടവറുകള്‍ അപകടകാരികളല്ലെന്ന് ടെലികോം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍
എഡിറ്റര്‍
Friday 7th March 2014 2:11pm

telecome

കൊച്ചി: മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ അപകടകരമായിട്ടുള്ളതല്ലെന്ന് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ്, റിസോഴ്‌സസ് ആന്‍ഡ് മോണിട്ടറിംഗ് സെല്ലിന്റെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശ്രീ വി. രഘുനന്ദന്‍.

രാജ്യാന്തരതലത്തിലുള്ള സുരക്ഷാ നിര്‍ദ്ദേശപരിധിക്ക് വളരെ താഴെയാണ് ഈ റേഡിയേഷനെന്നും അദ്ദേഹം പറഞ്ഞു. ടോക് എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന വയര്‍ലെസ് കമ്യൂണിക്കേഷനിലെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യാന്തര സുരക്ഷാ നിര്‍ദ്ദേശമനുസരിച്ച് ചതുരശ്ര മീറ്ററില്‍ ഒരു വാട്ടിനു മുകളിലുള്ള റേഡിയേഷനാണ് അപകടകരമാകുന്നത്. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ 0.45 വാട്ട് മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2011നും 2013നും ഇടയില്‍ വയര്‍ലെസ് സാങ്കേതികവിദ്യ വിപ്ലവകരമായ വളര്‍ച്ചയാണ് കൈവരിച്ചതെങ്കിലും പരിഹരിക്കേണ്ട വെല്ലുവിളികള്‍ അനവധിയാണെന്ന് ബാംഗ്ലൂര്‍ ഇന്റലിലെ ലീഡ് വയര്‍ലെസ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആര്‍ക്കിടെക്ട് ശ്രീ കണ്ണന്‍ ബാബു പറഞ്ഞു.

ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന പദ്ധതികള്‍ക്ക് രൂപം കൊടുക്കണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

സിഗ്‌നല്‍ പ്രോസസിംഗ്, വിഎല്‍എസ്‌ഐ, എംബഡഡ് സിസ്റ്റംസ്, കംപ്യൂട്ടേഷണല്‍ ഇന്റലിജന്‍സ്, കമ്യൂണിക്കേഷന്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മുതലായവയില്‍ സാങ്കേതിക വിദഗ്ദ്ധര്‍, പണ്ഡിതന്മാര്‍, ശാസ്ത്രജ്ഞര്‍, വ്യവസായ ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ അനുഭവങ്ങളും ഗവേഷണ നിരീക്ഷണങ്ങളും പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ടിസ്റ്റ് പ്രസിഡന്റ് പ്രൊഫ. പി.ജെ.ജോസഫ് അധ്യക്ഷനായ ചടങ്ങില്‍ ന്യൂഡല്‍ഹി ഐഇടിഇയിലെ സ്റ്റുഡന്റ്‌സ് ഇന്ററാക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സി.കെ.ഹരിദാസ്, ടിസ്റ്റ് സ്ഥാപക മാനേജര്‍ ഡോ. കെ.വര്‍ഗീസ്, ഡയറക്ടര്‍മാരായ അലക്‌സ് മാത്യു, വി.ജോബ് കുരുവിള, പ്രിന്‍സിപ്പല്‍ ജസ്റ്റസ് റാബി എന്നിവര്‍ പ്രസംഗിച്ചു.

അജിലന്റ് ടെക്‌നോളജി ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ശ്രീ വി.വി.പതി, കോഴിക്കോട് എന്‍ഐടിയിലെ ഡോ. എലിസബത്ത് ഏലിയാസ് എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.

Advertisement