കൊച്ചി: മൊബൈല്‍ ഫോണ്‍ ടവറുകള്‍ പരിസ്‌ഥിതിക്കും പൊതുജനാരോഗ്യത്തിനുംഭീഷണിയാണെന്നു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പഠനസമിതിയുടെ റിപ്പോര്‍ട്ട്‌.

ടവറുകളില്‍നിന്നുള്ള തരംഗങ്ങള്‍മൂലം തേനീച്ചകളും ചെറുപക്ഷികളും നാശത്തിലേക്കു നീങ്ങുന്നുവെന്ന ധാരണയുടെ ശാസ്‌ത്രീയാടിത്തറ പരിശോധിക്കാനാണു കേന്ദ്രസര്‍ക്കാര്‍ പത്തംഗസമിതിയെ നിയോഗിച്ചത്‌. ബോംബെ നാച്വറല്‍ ഹിസ്‌റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്‌.എസ്‌.) ഡയറക്‌ടര്‍ ആസാദ്‌ റഹ്‌മാനിയാണു സമിതി ചെയര്‍മാന്‍. റിപ്പോര്‍ട്ട്‌ അടുത്തമാസം സമര്‍പ്പിക്കും. സമിതി സിറ്റിംഗുകളില്‍ അംഗങ്ങളായ ഒമ്പതു ശാസ്‌ത്രജ്‌ഞരും മൊബൈല്‍ടവറുകള്‍ മനുഷ്യര്‍ക്കു ദോഷകരമാണെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. എന്നാല്‍ ടെലികോം വകുപ്പിന്റെ പ്രതിനിധി ടവറുകള്‍ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നില്ലെന്ന നിലപാടു സ്വീകരിച്ചു.

കേരളത്തില്‍നിന്നുള്ള ഗവേഷകന്‍ ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഡെറാഡൂണിലെ വൈല്‍ഡ്‌ ലൈഫ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, ബംഗളരുവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌, കോയമ്പത്തൂരിലെ സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാച്വറല്‍ ഹിസ്‌റ്ററി, ഡല്‍ഹി ഐ.ഐ.ടി. എന്നിവയുടെ പ്രതിനിധികള്‍ ടെലികോം വകുപ്പിന്റെ നിലപാടിനെ ശക്‌തമായി എതിര്‍ത്തു. പരിസ്‌ഥിതി മന്ത്രാലയത്തിലെ ഡി.ഐ.ജി. (ഫോറസ്‌റ്റ്) മെമ്പര്‍ സെക്രട്ടറിയുമാണ്‌.

ടവറുകള്‍ക്കു നിയന്ത്രണം വേണമെന്ന നിലപാടാണ്‌ ഒമ്പതംഗങ്ങളും സ്വീകരിച്ചത്‌. ടവറുകള്‍ സ്‌ഥാപിക്കുന്നതിനു കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാകും. നഗരമേഖലകളിലും വനമേഖലകളിലും മൊബൈല്‍ ടവറുകളുടെ സാന്നിധ്യം പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും ദോഷകരമാകുന്നുണ്ടെന്നാണു സമിതിയുടെ വിലയിരുത്തല്‍. ടവറുകളില്‍നിന്നുള്ള വൈദ്യുതകാന്തികതരംഗങ്ങള്‍ മൂലം തേനീച്ച സമൂഹങ്ങള്‍ നശിക്കുകയാണെന്നു ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കൂടുകളിലേക്കും തേന്‍ ഉറവിടങ്ങളിലേക്കുമുള്ള വഴി കണ്ടെത്താന്‍ തേനീച്ചകള്‍ക്കു വൈദ്യുതികാന്തിക തരംഗങ്ങള്‍ തടസമാകുന്നുവെന്നായിരുന്നു കണ്ടെത്തല്‍.

അങ്ങാടിക്കുരുവികള്‍ക്കും ഈ തരംഗങ്ങള്‍ ദൂഷ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ഇത്തരം റിപ്പോര്‍ട്ടുകളുടെ ശാസ്‌ത്രീയ അടിത്തറയാണു കേന്ദ്രസമിതി പരിശോധിക്കുന്നത്‌. 24 മണിക്കൂറും തുടര്‍ച്ചയായി വൈദ്യുതകാന്തികതരംഗങ്ങള്‍ പ്രവഹിക്കുന്നതു പൊതുജനാരോഗ്യത്തിനു ഹാനികരമാണ്‌. ജനനിബിഡമായ പ്രദേശത്തു ടവറുകള്‍ക്കു കര്‍ശനനിയന്ത്രണം വേണം, 500 മീറ്ററിനുള്ളില്‍ വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ ഉള്ളിടത്ത്‌ അപകടമില്ലാത്ത കാന്തികതരംഗങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം, ഒരേ ടവറില്‍ പല കമ്പനികളുടെ റിസീവറുകള്‍ വയ്‌ക്കുന്നത്‌ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ സമിതി സമര്‍പ്പിച്ചേക്കും.

പുതിയ ടവറുകള്‍ സ്‌ഥാപിക്കും മുമ്പ്‌ മനുഷ്യര്‍ക്കു ദോഷകരമല്ലെന്നു സാക്ഷ്യപ്പെടുത്തണമെന്നു ടെലികോം വകുപ്പ്‌ സ്വകാര്യകമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവരാരും മറുപടി നല്‍കിയിട്ടില്ല.