telicom-in-india

മുംബൈ: ഇന്ത്യയിലെ ടെലികോം കമ്പനികള്‍ തമ്മില്‍ നിരക്കു കുറക്കല്‍ മത്സരത്തില്‍. റിലയന്‍സ്, ടാറ്റാ, എയര്‍സെല്‍ തുടങ്ങിയ കമ്പനികളാണ് നിരക്ക് കുറച്ച് ഉപഭോക്താക്കളെ പിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. റിലയന്‍സ് കമ്യൂണിക്കേഷന്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള നിരക്കു കുറച്ചിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പ്രീപെയ്ഡ് വരിക്കാര്‍ക്ക് മിനിറ്റിന് 50 പൈസയാണ് ഈടാക്കുക. ലോക്കല്‍, എസ്ടിഡി, ലാന്‍ഡ് ലൈനുകള്‍ ഉള്‍പ്പെടെയുള്ളവ ഇതേ നിരക്കില്‍ ലഭ്യമാകും. നേരത്തേ, സെക്കന്‍ഡിനു മാത്രം പണം നല്‍കുന്ന പദ്ധതിയുമായി ടാറ്റ ഡോകോമോയും എയര്‍സെല്ലും രംഗത്തുവന്നിരുന്നു.

ഇന്ത്യയിലെ 40 കോടി മൊബൈല്‍ വരിക്കാരില്‍ അഞ്ചുശതമാനത്തെ മാത്രമേ റിലയന്‍സിന് സ്വാധീനിക്കാനായിട്ടുള്ളൂ. ഈ പരമിതി മറികടക്കാനാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രമം.

ടാറ്റ ഡോട്‌കോമിന് പിന്നാലെ ഒരു രൂപക്ക് എത്ര സമയവും സംസാരിക്കാന്‍ കഴിയുന്ന പദ്ധതിയുമായി ടാറ്റ ടെലിസര്‍വീസസ് സി.ഡി.എം.എ രംഗത്തുവന്നു. ഈ ഓഫര്‍ അവസാനിച്ചെങ്കിലും എല്ലാ കണക്ഷനുകളിലേക്കും മിനിറ്റിനു 30 പൈസ മാത്രം ഈടാക്കുന്ന സ്‌കീമം ഇപ്പോഴുമുണ്ട്. സെക്കന്‍ഡിനു മാത്രം പണം നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന സ്‌കീം ഉണ്ടാക്കണമെന്നു കഴിഞ്ഞ ദിവസം ടെലികോം റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതോടെ മറ്റു പ്രമുഖ കമ്പനികളും വരും ആഴ്ചകളില്‍ പുതിയ പദ്ധതിയുമായി രംഗത്തുവരുമെന്നാണു പ്രതീക്ഷ.