Categories

മൊബൈല്‍ സ്‌പെക്ട്രം വില വര്‍ദ്ധിപ്പിച്ചു

tower

ന്യൂദല്‍ഹി: മൊബൈല്‍ സ്‌പെക്ട്രത്തിന്റെ ലേലത്തിനുള്ള അടിസ്ഥാനവില 15 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഉന്നതസമിതിയായ ടെലികോം കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

രാജ്യവ്യാപകമായി 1800 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിനാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ടെലികോം നിയന്ത്രണ അഥോറിറ്റിയായ ട്രായി ശുപാര്‍ശ ചെയ്തതിനെക്കാള്‍ 15 ശതമാനം കൂടുതലാണ് നിര്‍ണയിച്ചിരിക്കുന്ന വില.

പുതിയ നിരക്കുകള്‍ ഉടന്‍ തന്നെ മന്ത്രിസഭാ സമിതിക്ക് സമര്‍പ്പിക്കും.

പുതിയ വിലയനുസരിച്ച് ലേലം നടന്നാല്‍ ഏറ്റവും കുറഞ്ഞത് 11000 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജനുവരിയില്‍  ലേലം നടന്നേക്കും.

ഒരു മെഗാഹെര്‍ട്‌സ് 1800 ബാന്‍ഡിന് ദല്‍ഹിയില്‍ 360 കോടി, മുംബൈ 327.5 കോടി, കൊല്‍ക്കത്ത 125.3 കോടി എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്,  കര്‍ണാടക, ആന്ധ്ര എന്നീ സര്‍ക്കിളുകളിലും ട്രായി നിശ്ചയിച്ചതിനെക്കാള്‍ 25 ശതമാനമുയര്‍ന്നതാണ് ടെലികോം കമ്മീഷന്‍ നിരക്ക്. എന്നാല്‍ കേരളമടക്കമുള്ള 14 സര്‍ക്കിളുകളില്‍ ട്രായി നിശ്ചയിച്ച നിരക്കുകള്‍ അംഗീകരിച്ചു.

900 മെഗാഹെര്‍ട്‌സ് ബാന്‍ഡ് ആദ്യഘട്ടത്തില്‍ വിറ്റഴിച്ചിരുന്നതാണ്. അന്ന് പ്രവര്‍ത്തനമാരംഭിച്ച കമ്പനികളുടെ ലൈസന്‍സ് അടുത്ത മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ടെലികോം കമ്പനികളുടെ ഏറ്റെടുക്കലും ലയനവും സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. രണ്ട് കമ്പനികളുടെയും ആകെ വിപണിവിഹിതം നിലവിലുള്ള 35-ല്‍  നിന്ന് 50 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു.

ഏറ്റെടുക്കപ്പെടുന്ന കമ്പനിക്കൊപ്പം ലഭിച്ചിട്ടുള്ള സ്‌പെക്ട്രത്തിന്റെ വില ഏറ്റെടുക്കുന്ന കമ്പനി സര്‍ക്കാരിന് നല്‍കണം. രണ്ട് കമ്പനികള്‍ക്കും 3ജി ഉണ്ടെങ്കില്‍ ലയനശേഷം രണ്ട് 3ജി ബ്ലോക്കും കൈവശം വയ്ക്കാന്‍ അധികാരമുണ്ടായിരിക്കും.

Tagged with: