കായംകുളം: വീട്ടമ്മമാരുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കായംകുളം പെരിങ്ങാല ബിനി നിവാസില്‍ ബിനു (33), കരുനാഗപ്പള്ളി ക്ലാപ്പന വരവിള രതീഷ്ഭവനില്‍ രതീഷ് (27) എന്നിവരാണ് പിടിയിലായത്.

മൊബൈല്‍ സ്ഥാപനത്തിന്റെ മറവിലാണ് ബിനു തട്ടിപ്പിന് കളമൊരുക്കിയത്. വ്യാജവിലാസത്തില്‍ സ്വന്തമാക്കിയ ഇരുപതോളം സിംകാര്‍ഡുകള്‍ ഇയാള്‍ക്കുണ്ട്. ചെട്ടികുളങ്ങര ഭഗവതിപ്പടിയില്‍ ബിനു നടത്തിയ ബിസ്മി കമ്യൂണിക്കേഷനില്‍ കണക്ഷന്‍ എടുക്കാന്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വ്യാജ കണക്ഷനുകള്‍ സ്വന്തമാക്കിയത്. ഈ സിം ഉപയോഗിച്ച് സ്ത്രീകളെ വലയിലാക്കുകയും ചെയ്യും.

പിന്നീട് ഇവരുടെ നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുകയാണ് പതിവ്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍ അകപ്പെട്ടുവെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ വാങ്ങിയ സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് സി.ഐ ആര്‍. ബിനു പറഞ്ഞു.

ഭര്‍ത്താവ് ഗള്‍ഫിലുള്ള എരുവ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന കേസിലാണ് രതീഷിനെ പിടികൂടിയത്. ഇവരുടെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തിയായിരുന്നു രതീഷ് തട്ടിപ്പ് നടത്തിയത്. പലപ്പോഴായി 15,000 രൂപയും തട്ടിയെടുത്തു.

പിന്നീട് സ്ത്രീയുമായി ഒളിച്ചോടി. അഞ്ചുപവന്റെ സ്വര്‍ണമാലയും കൈക്കലാക്കിയശേഷം മടക്കി അയച്ചു. തുടര്‍ന്ന് വീട്ടുകാരും സ്ത്രീയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രതീഷിനെ അറസ്റ്റുചെയ്തത്.