Categories

ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും

ചെരിപ്പിടാതെ നടക്കുന്ന മനുഷ്യരുമായി മൊബൈല്‍ഫോണ്‍ കൊണ്ടു നടക്കാത്തവരെ സാദൃശ്യപ്പെടുത്താനാവില്ല. ചെരിപ്പിടാത്തയാള്‍ക്ക് എല്ലായ്‌പ്പോഴും ലഭിക്കുന്ന പലതരം സുഖദുഖങ്ങളുണ്ട്. ഭൂമിയുമായി നിരന്തരം അനുഭവിക്കുന്ന സ്പര്‍ശന സുഖമാണ് ഈ ഇനത്തില്‍ പ്രധാനം. കല്ലും മുള്ളും ചെളിയും അഴുക്കുമൊക്കെ ചെരിപ്പിടാത്ത കാലിന്റെ വേദനകളാകാം. അസൗകര്യങ്ങളും അലോസരങ്ങളും അതിനുണ്ടാകാം. പക്ഷേ മണ്ണിന്റെ മാര്‍ദ്ദവവും കുളിര്‍മയും അവന്/ അവള്‍ക്ക് മാത്രം അനുഭവിക്കാനാവുന്ന ചില സൗഭാഗ്യങ്ങളത്രേ. ചെരിപ്പിടാ നടത്തത്തില്‍ ഒരു ദിഗംബര ക്രീഡയുടെ അനുഭൂതിയുണ്ടാകുമെന്നു തോന്നുന്നു.

വാച്ചു ധരിക്കാത്തയാളെ മൊബൈല്‍ കൊണ്ടു നടക്കാത്തവരുമായി സാദൃശ്യപ്പെടുത്താനാകുമെന്ന് തോന്നുന്നില്ല. കാരണം വാച്ചു ധരിക്കാത്തതു കൊണ്ട് ആര്‍ക്കുമൊരു സമയവും നഷ്ടപ്പെടുന്നില്ല. തികച്ചും ആപേക്ഷികമായ സമയത്തെ മനുഷ്യ സംസ്‌കാരത്തിന്റെ സമയ ബിന്ദുക്കൡലേക്കും സൂചികളിലേക്കും ബന്ധിപ്പിക്കുന്നു എന്നു മാത്രമേ ഒരു വാച്ചിന് പറഞ്ഞു തരാനുള്ളൂ.

ഒരു ഫോണിന്റെ പരിമിതമായ ഉപയോഗതലങ്ങളില്‍ നിന്ന് വളര്‍ന്നു വളര്‍ന്ന് മൊബൈല്‍, ജീവിതത്തിന്റെ സമസ്ത തലങ്ങളേയും കടന്നു പിടിച്ച ഈ കാലത്ത് ഇനിയത് ഇല്ലാത്ത കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ കൂടി വയ്യ. വാഹനങ്ങളും ഇലക്ട്രിസിറ്റിയുമായിരിക്കണം ഇതിനു മുമ്പ് ഈ അവസഥ സൃഷ്ടിച്ച മറ്റ് സാങ്കേതിക വിദ്യങ്ങള്‍.

ചെരിപ്പോ വാച്ചോ കണ്ണടയോ വടിയോ പോലെ ശരീരത്തോട് പറ്റിച്ചേര്‍ന്നു നിന്നിരുന്ന ഒരു ഉപകരണം മെല്ലെ ശരീരത്തിന്റെ ഭാഗം തന്നെയായി, ഒരു ശരീരാവയവമായി രൂപാന്തരപ്പെട്ടു. മൊബൈല്‍ കൊണ്ടു നടക്കാതിരിക്കുമ്പോള്‍ എന്റെ ശരീരാവയവങ്ങളിലൊന്ന് കൊണ്ടു നടക്കുന്നില്ലെന്നാണ് ഇപ്പോഴെനിക്ക് തോന്നിപ്പോകുന്നത്. ശരീരത്തില്‍ നിന്ന് പുറത്തു വയ്ക്കാവുന്ന എന്റെ ഏക ശരീരാവയവം. മൊബൈല്‍ എന്തിന്റെ എക്‌സ്റ്റന്‍ഷനാണ്, നീട്ടലാണെന്ന് പലരും അന്വേഷിച്ചിട്ടുണ്ട്. ആദ്യമത് എന്റെ തൊണ്ടയുടെ മാതം നീട്ടലായിരുന്നു. അലറി വിളിക്കാതെ, കേള്‍ക്കത്താ ദൂരത്തേക്ക് വിളിക്കാന്‍ സഹായിച്ച ഒരു ഉപകരണം. എഴുത്തിന്റേയും കണ്ണിന്റേയും കമ്പ്യൂട്ടറിന്റേയുമൊക്കെ നീട്ടലായി അത് വേഗം വളര്‍ന്നു. എന്റെ ശ്വാസകോശത്തിന്റെ എക്സ്റ്റന്‍ഷനാണ് ഇപ്പോള്‍ ഈ മൊബൈല്‍. പുറത്തു വച്ചാലും സ്പന്ദിക്കുന്ന ശ്വാസകോശം. പുറത്ത് ശ്വാസകോശമുള്ള ജീവിയാണ് ഞാന്‍ എന്നു തുടങ്ങുന്ന സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട്. ‘വീട്’ എന്ന ആ കവിത മൊബൈലിനെപ്പറ്റിയുമാകാം. മഞ്ഞും മഴയും വെയിലും റെയ്ഞ്ചും ചാര്‍ജും വ്യത്യാസപ്പെടുമ്പോള്‍ പ്രതിസ്പന്ദിക്കുന്ന ഒരു ശ്വാസകോശം. മൊബൈല്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇടപെടുന്നതെങ്ങനെയെന്ന അന്വേഷണം ഇനി വിലപ്പോകില്ല-അത്രയ്ക്കുണ്ട് അത്തരം അന്വേഷണങ്ങള്‍.

എന്തായാലും സാങ്കേതികവിദ്യ ജനതകളെ മാറ്റുന്നു, അവരുടെ ചിന്തകളെ നയിക്കുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമായി ഇന്ന് മൊബൈല്‍ ഫോണുണ്ട്. ഒരേ സമയത്ത് സംരക്ഷകനും നിരീക്ഷകനുമായിരിക്കുമ്പോള്‍ തന്നെ വില്ലനും ചാരനുമായി ഇരിക്കാനും ഈ ഉപകരണത്തിന് കഴിയുന്നു.

മൊബൈല്‍ ഇല്ലാത്തപ്പോള്‍ / കൊണ്ടു വരാത്തപ്പോള്‍ ഒരേ സമയം ഒട്ടേറെ ഉപകരണങ്ങളില്‍ നിന്നാണ് നാം അകന്നു പോകുന്നത്. മൊബൈല്‍ ഒരു വിവിധോദ്ദേശ്യ യന്ത്രമാകുന്നു. കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററും ഇന്റര്‍നെറ്റും ക്യാമറയും ഒന്നിച്ചു നാം കൊണ്ടുവരാതിരിക്കുന്ന അവസ്ഥയിലെത്തുന്നു. തോക്കോ വടിയോ ടൂത്ത് ബ്രഷോ ഒക്കെ ഈ വിവിധോദ്ദേശ്യ യന്ത്രത്തിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നെങ്കില്‍ അതിന്റെ കൂടി നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമായിരുന്നു.

മൊബൈലില്ലാതെ ഇനി എങ്ങനെ പ്രണയിക്കും? വീട്ടുകാര്‍ ആരുമറിയാതെ ചുരിദാറിനുള്ളിലും ബാഗിനുള്ളിലുമായി വൈബ്രേറ്റിംഗ് മോഡില്‍ മാത്രം മൊബൈല്‍ സൂക്ഷിച്ചിരുന്ന ഒരു കാമുകിയെ അറിയാം. അതി സാഹസികവും നിഗൂഢവുമായി അവള്‍ അത് ചാര്‍ജ് ചെയ്ത് സൂക്ഷിച്ചു. അവനോടു മാത്രം…  അവനോടു മാത്രം…  വിളിക്കാന്‍ അവന്‍ സമ്മാനിച്ച പ്രണയ സമ്മാനം.  സ്വകാര്യമായ മെസേജുകള്‍, സ്വകാര്യമായ മിസ്ഡ് കോളുകള്‍ അവരുടെ പ്രണയത്തിനിടയില്‍ മൊബൈല്‍ ഒരു മരച്ചില്ലയായി. സ്വകാര്യതയാണ് മൊബൈലിന്റെ ഏറ്റവും വലിയ സൗകര്യമായി പലരും പറഞ്ഞു കേട്ടിട്ടുള്ളത്. ഏകപത്‌നീവ്രതം പോലെ ഏകഭര്‍തൃവ്രതം പോലെ പൊസ്സസ്സീവ്‌നെസ്സിന്റെ ചില വ്യവഹാരങ്ങളും മൊബൈലുകളിലുണ്ട്.

അടുത്തിടെ മരിച്ചു പോയ ഒരു സുഹൃത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഓര്‍മ്മ പുതുക്കലിന് വെറുതെ വിളിച്ചു നോക്കി. മറുപടി ദയനീയമായിരുന്നു-‘നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല’. അനന്തരാവകാശികളൊന്നും ഏറ്റെടുക്കാതെ പോയ ആ നമ്പറിനെക്കുറിച്ചോര്‍ത്ത് ഞാന്‍ നൊമ്പരപ്പെട്ടു. ഇനിയൊരിക്കലും ആ നമ്പര്‍ എന്റെ മൊബൈലില്‍ തെളിയില്ലല്ലോ എന്നോര്‍ത്തു. ഒരു വ്യക്തി ജീവിച്ചിരിക്കുന്നതിന്റെ അടയാളമായിരുന്നു അയാളുടെ ആ നമ്പര്‍.

ഇത്രയ്ക്ക് വ്യക്തിപരമാകാന്‍ കഴിഞ്ഞ ഒരു ഉപകരണവും മനുഷ്യനിര്‍മ്മിത സാങ്കേതികവിദ്യ ഉല്‍പാദിപ്പിച്ചിട്ടുണ്ടാകില്ല. ഒരു വ്യക്തിക്ക് മുന്നില്‍ ബൃഹത്തായ ലോകം തുറന്നു തരുന്ന ഉണ്ണിക്കണ്ണന്റെ വായായി ഈ ആധുനികവിദ്യ എത്ര പെട്ടെന്നാണ് മാറിത്തീര്‍ന്നത്. നിങ്ങള്‍ മൊബൈലിന്റെ പുറകെയല്ല, നിങ്ങളെ വഴി നടത്തുന്ന വിദ്യയായി മുന്നിലാണ് മൊബൈല്‍.

മൊബൈല്‍ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചതും നമ്മുടെ സ്വാഭാവത്തെ നിയന്ത്രിച്ചതും ഭാഷയെ മാറ്റിയതുമൊക്കെ ഇനി പഴങ്കഥകള്‍ മാത്രം. ആധുനിക മനുഷ്യന്റെ ചില മാനസിക പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്. 1. റെയ്ഞ്ചില്ലായ്മ 2.ബാറ്ററി ചാര്‍ജ്ജില്ലായ്മ 3. പ്രൊഫൈല്‍ സെറ്റിങുകള്‍ ഉണ്ടാക്കുന്ന വിഷമാവസ്ഥകള്‍ 4. അസമയത്തെ റിംഗ് ടോണുകള്‍ 5. മൊബൈലിന്റെ സൂക്ഷിപ്പ് 6. ടോക് ടൈം പ്രശ്‌നങ്ങള്‍…

വായു മലിനീകരണമെന്നോ ജലമലിനീകരണമെന്നോ പറയുന്നതു പോലെ റെയ്ഞ്ചു മലിനീകരണം എന്ന് ഇതുവരെ കേട്ടു തുടങ്ങിയിട്ടില്ല. അന്തരീക്ഷ റെയ്ഞ്ചിനെ മുഴുവന്‍ മൊബൈല്‍ കമ്പനികള്‍ ഞെരുക്കി കളയുന്ന കാലം വരുമോ? റെയ്ഞ്ച് ട്രാഫിക്കിന് ജാമുണ്ടാകുമോ? ഒരു റെയ്ഞ്ചിലും പെടാത്ത ഇടങ്ങളെ പിന്നോക്ക പ്രദേശമായി പ്രഖ്യാപിക്കുമോ? എല്ലായിടവും പരിധിയില്‍ വരുമ്പോള്‍ എല്ലാവരും ഒരു പോലെയാകുമോ?.

ഞാന്‍ ദൂരെ മറുദിക്കുകളിലെ ലോഡ്ജുകളില്‍ പാര്‍ക്കുമ്പോള്‍ എന്റെ മുറിയുടെ ചുറ്റുപാടുകളുടെ പടം ഭാര്യ ആവശ്യപ്പെടുന്നു. മൊബൈല്‍ തിരിച്ചു വച്ച്, പരിസര നിരീക്ഷണം നടത്തുന്ന ഭാര്യയില്‍ നിന്ന് എന്തൊക്കെ എങ്ങനെയൊക്കെ മറയ്ക്കണമെന്നാണ് ആധുനിക ഭര്‍ത്താവായ എന്റെ ഗവേഷണം.

സമയത്തും അസമയത്തും മൊബൈലില്‍ വിളിച്ചു കൊണ്ടിരിക്കുന്നവരെ കാണുമ്പോള്‍ തോന്നാറുണ്ട് ഏതുതരം അരക്ഷിതാവസ്ഥയിലാണ് അവര്‍ പെട്ടു കിടക്കുന്നതെന്ന്. നിങ്ങള്‍ക്ക് ഇനി ആരുമില്ലെന്നു പറയരുത്. നിങ്ങള്‍ക്ക് ഒരു മൊബൈലുണ്ട്-സാമൂഹിക ജീവിതത്തിന്റെ ഒരു പൊക്കിള്‍ക്കൊടി.

റിങ് ടോണ്‍ (കവിത/ വീരാന്‍ കുട്ടി)

21 Responses to “ആദാമും ഹവ്വയും പിന്നെ വിലക്കപ്പെട്ട കനിയും”

 1. sajirafaizal

  എന്റെ ശ്വാസകോശത്തിന്റെ എക്സ്റ്റന്‍ഷനാണ് ഇപ്പോള്‍ ഈ മൊബൈല്‍. പുറത്തു വച്ചാലും സ്പന്ദിക്കുന്ന ശ്വാസകോശം………………

 2. amar s

  വിലക്കപെട്ട കനി: ആ പ്രയോഗം വല്ലാതെ അങ്ങ് ഇഷ്ട്ടപ്പെട്ടു!

 3. Amala Gopal

  mobile vannathinu sheshan aarum parasparm samsaarikkaathaayi!

 4. unni

  മൊബൈല്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച് ചിന്തിക്കാനാവുമോ?

 5. Sabeena Kottaaram

  മി. ജോസഫ്‌ ജോബ്‌, മൊബൈല്‍ ഇല്ലാത്ത കാലത്തും മനുഷ്യര്‍ ജീവിചിട്ടില്ലേ? ഇത്രക്ക് ഗ്രിഹാതുരനാകണോ മൊബൈലിനെ പറ്റി?

 6. K P Addulla, Dubai

  കൊള്ളാല്ലോ വീഡിയോഓന്‍? അആരാനീ അന്സബ സുല്ത്താന? ഭാവിയുണ്ട്..

 7. simmy ksa

  സര്‍ , വളരെ നന്നായിരിക്കുന്നു. ഇനിയും ഇത്തരം സൃഷ്ട്ടികള്‍ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍!!!!!!!!!!!

 8. Thomas USA

  ജോസഫ്‌ സര്‍ ,കാലഘട്ടത്തിനു യോജിച്ച രചന………!!!!!!!!!ആശംസകള്‍!!!!!!!!!

 9. JAISON MASIRAH

  സര്‍,മനോഹരം അങ്ങയുടെ ചിന്ത. എറ്റവും നല്ലത് പൂക്കളും പഴങ്ങളും ആകാത്ത നമ്മുടെ കാലത്ത് മൊബൈല്‍ ഫോണിനു ഇനിയം ഒത്തിരി സാധ്യതകള്‍ ഉണ്ട്.

 10. Arjun Raj Dubai

  ഞാന്‍ ദൂരെ മറുദിക്കുകളിലെ ലോഡ്ജുകളില്‍ പാര്‍ക്കുമ്പോള്‍ എന്റെ മുറിയുടെ ചുറ്റുപാടുകളുടെ പടം ഭാര്യ ആവശ്യപ്പെടുന്നു. മൊബൈല്‍ തിരിച്ചു വച്ച്, പരിസര നിരീക്ഷണം നടത്തുന്ന ഭാര്യയില്‍ നിന്ന് എന്തൊക്കെ എങ്ങനെയൊക്കെ മറയ്ക്കണമെന്നാണ് ആധുനിക ഭര്‍ത്താവായ എന്റെ ഗവേഷണം-പാവം ഭര്‍ത്താവ്

 11. Arjun Raj Dubai

  അടുത്തിടെ മരിച്ചു പോയ ഒരു സുഹൃത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഓര്‍മ്മ പുതുക്കലിന് വെറുതെ വിളിച്ചു നോക്കി. മറുപടി ദയനീയമായിരുന്നു-’നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല’. അനന്തരാവകാശികളൊന്നും ഏറ്റെടുക്കാതെ പോയ ആ നമ്പറിനെക്കുറിച്ചോര്‍ത്ത് ഞാന്‍ നൊമ്പരപ്പെട്ടു. ഇനിയൊരിക്കലും ആ നമ്പര്‍ എന്റെ മൊബൈലില്‍ തെളിയില്ലല്ലോ എന്നോര്‍ത്തു.

 12. കണ്ണൂരാന്‍ - [email protected]

  സാറിന് മൊബൈല്‍ ഫോണ്‍ ഇല്ല്ലെന്നു മനസ്സിലായി..
  ഹമ്പടാ!

 13. Mathew John Muyyapplyi

  മദാമ് സബീന, പറ്റുമോ വിത്ത്‌ഔട്ട്‌ മൊബൈല്‍ ഒരു ദിവസം, ഗെയിം കളിക്കാന്‍, പട്ടു കേള്‍ക്കാന്‍, ചാറ്റിങ്, ബ്രൌസിംഗ്, കാള്‍, മിസ്സ്കാല്‍, message, reminder…………………. ആധുനിക മാനുഷന് പറ്റില്ല സബീന ഒരു ദിവസം, ഒരു മണികൂര്‍,

 14. supriya

  ഇത്രയ്ക്ക് വ്യക്തിപരമാകാന്‍ കഴിഞ്ഞ ഒരു ഉപകരണവും മനുഷ്യനിര്‍മ്മിത സാങ്കേതികവിദ്യ ഉല്‍പാദിപ്പിച്ചിട്ടുണ്ടാകില്ല.!!

  🙂

 15. salmanul faris

  നിങ്ങള്‍ക്ക് ഇനി ആരുമില്ലെന്നു പറയരുത്. നിങ്ങള്‍ക്ക് ഒരു മൊബൈലുണ്ട്-സാമൂഹിക ജീവിതത്തിന്റെ ഒരു പൊക്കിള്‍ക്കൊടി. ഹ ഹ എനിക്ക് ഇഷ്ട്ടായി

 16. shahid

  കൊള്ളാം

 17. fathima

  ഹി ഹി സൂപ്പര്‍

 18. shahid

  കൊള്ളം

 19. Biju Joseph

  mobile article by sri. joseph k job is very good. Uncommon insights; surprising turns of thought and expression; solid punch. Some of the figurative expressions are dazzling. The man knows how to write! Kudos to author and doolnews.

 20. Biju Joseph

  But I wonder if Sri Joseph’s playful reference to wife wanting to see the room would be taken in the intended sense by many readers. (There’s already a caustic remark in the responses.) Such very personal references are at the sole risk of the author!!

 21. Manojkumar.R

  മൊബൈല്‍ നമ്മുടെ ശരീരത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കയാണ്‌.സത്യത്തില്‍ ഇത് ഒരുതരം മാനസിക അടിമത്തമാണ്‌.ഒരു ദിവസമോ എന്തിനു ഒരു മനിക്കൂരെന്കിലുമോ രെഇന്ചില് അല്ലാതാകുന്നത്‌ കരയിലേക്ക് പിടിച്ചിട്ട മീനിനെ പോലെ ശ്വാസം കഴിക്കനകാതെ ജീവന് വേണ്ടിയുള്ള പിടചിലായത് എന്നാണ്? മൊബൈല്‍ മാത്രമല്ല യന്ത്രങ്ങള്‍ ഒക്കെതന്നെയും മനുഷ്യനെ ഭരിച്ചു തുടങ്ങിയ ഒരു കലഹ്ഗട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.മനുഷ്യ അദ്വാനം കുരയ്ക്കനയിട്ടയിരുന്നു ആദ്യമൊക്കെ യന്ത്രങ്ങളെ ആശ്രയിചിരുന്നതെങ്കില്‍ ഇന്ന് കഥയാകെ മാറി. യന്ത്രങ്ങള്‍ നമ്മുടെ ജീവിതം പ്രോഗ്രാം ചെയ്തു തുടങ്ങിയിരിക്കുന്നു. ഈ സിസ്ടത്തില്‍ നിന്നും പുറത്തു കടക്കാനാവാത്ത വിധം നമ്മള്‍ അടിമകലക്കപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന ഉണ്മ നമ്മള്‍ എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല.അന്ന് നമ്മള്‍ ഗാന്ധിജിയുടെ മഹത്വം ഭോധ്യപ്പെടുമെന്നു തീര്‍ച്ച!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.