എഡിറ്റര്‍
എഡിറ്റര്‍
യു.പിയിലെ റീചാര്‍ജ് കേന്ദ്രങ്ങളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ വില്പനയ്ക്ക്: പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ നമ്പര്‍ ഒന്നിന് 500 രൂപ
എഡിറ്റര്‍
Friday 3rd February 2017 11:57am

mobile


പെണ്‍കുട്ടികള്‍ സൗന്ദര്യം അനുസരിച്ചാണ് നമ്പറിന് വിലയിടുന്നത്. ‘സുന്ദരി’ എന്നു തോന്നുന്ന പെണ്‍കുട്ടിയുടെ നമ്പറിന് 500രൂപയാണ് വില.


ലക്‌നൗ: ഉത്തര്‍പ്രദേശിലെ റീച്ചാര്‍ജ് ഔട്ട്‌ലറ്റുകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ വില്‍പ്പനയ്ക്ക്. പെണ്‍കുട്ടികള്‍ സൗന്ദര്യം അനുസരിച്ചാണ് വിലയിടുന്നതെന്നും പെണ്‍കുട്ടികളെ ശല്യം ചെയ്യാന്‍ പുരുഷന്മാര്‍ ഇവ ഉപയോഗിക്കുകയാണെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെ പരാതി നല്‍കാന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് 1090 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നമ്പര്‍ ആരംഭിച്ചിരുന്നു. അജ്ഞാതകോളുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഈ നമ്പറിലേക്കു വന്നത്. ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് യു.പിയില്‍ ഇത്തരമൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

നാലുവര്‍ഷത്തിനുള്ളില്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ആറുലക്ഷം പരാതികളാണ് ലഭിച്ചത്. ഇതില്‍ 90%വും ഫോണ്‍വഴി ശല്യം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു. പെണ്‍കുട്ടികള്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്ന ഔട്ട്‌ലറ്റുകള്‍ വഴി നമ്പറുകള്‍ ശേഖരിക്കുന്ന പുരുഷന്മാരാണ് ഇത്തരത്തില്‍ ശല്യം ചെയ്യുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടികള്‍ സൗന്ദര്യം അനുസരിച്ചാണ് നമ്പറിന് വിലയിടുന്നത്. ‘സുന്ദരി’ എന്നു തോന്നുന്ന പെണ്‍കുട്ടിയുടെ നമ്പറിന് 500രൂപയാണ് വില.


Also Read: ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച ലക്ഷ്മി നായരുടെ ഹോട്ടല്‍ താഴിട്ടുപൂട്ടി ആര്‍.ജി.എസ്.സി സമരം: സമരം ചെയ്തവര്‍ പൊലീസ് കസ്റ്റഡിയില്‍ 


യു.പിയിലെ റീചാര്‍ജ് കടകളില്‍ നിന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഷാജ്ഹാന്‍പൂര്‍ സ്വദേശി മുഹമ്മദ് സമ്മതിക്കുന്നു. അച്ഛനും മകനും ചേര്‍ന്ന് നടത്തുന്ന ഒരു റീച്ചാര്‍ജ് കടയില്‍ നിന്നാണ് താന്‍ നമ്പര്‍ വാങ്ങിക്കാറുള്ളത്. അച്ഛന്‍ ഇല്ലാത്ത സമയത്ത് താനും സുഹൃത്തുക്കളും കടയിലേക്ക് പോയി നമ്പര്‍ വാങ്ങിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന നമ്പറുകളിലേക്ക് വാട്‌സ്ആപ്പില്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചിട്ടുണ്ടെന്നും മുഹമ്മദ് സമ്മതിക്കുന്നു.

അതേസമയം പെണ്‍കുട്ടികളുടെ നമ്പര്‍ വിറ്റതിന്റെയോ വാങ്ങിച്ചതിന്റെയോ പേരില്‍ യു.പിയില്‍ ഇതുവരെ ആര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ഐ.ജി ശേഖര സമ്മതിക്കുന്നു. അതിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മൊബൈല്‍ നമ്പര്‍ വിറ്റവരെയെല്ലാം അറസ്റ്റു ചെയ്യുകയാണെങ്കില്‍ യു.പി ജയിലുകള്‍ നിറഞ്ഞുകവിയുമെന്നും പൊലീസുകാര്‍ പറയുന്നു.

Advertisement