മൊബൈലും കമ്പ്യൂട്ടറുമൊക്കെ വന്നതോടെ മിക്ക രക്ഷിതാക്കള്‍ക്കും കുട്ടികളെ നേരാവണ്ണം ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടാറില്ല. ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയം ഇവയ്‌ക്കൊപ്പം ചിലവഴിക്കാനാണ് പലര്‍ക്കും ഇഷ്ടം. എന്നാല്‍ ഐ പാഡിനും മൊബൈലിനുമൊപ്പം ഒഴിവ് സമയം ചിലവഴിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളും ഭാവിയില്‍ ഇങ്ങനെ തന്നെയാവുമെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്.

‘ആല്‍ക്കഹോളിസം പോലെയാണ് മൊബൈലിനും കമ്പ്യൂട്ടറിനും അടിമയാകുന്നത്. ഈ ശീലമുളള രക്ഷിതാക്കള്‍ പലപ്പോഴും കുട്ടികളെ അവഗണിക്കാറുണ്ട്. ‘ബ്രിട്ടീശ് സൈക്കോളജിക്കല്‍ സൊസൈറ്റിയിലെ അസോസിയേറ്റ് ഫെല്ലോ ഡോ. എറിക് സിഗ്മന്‍ പറയുന്നു.

ഇന്നത്തെ കാലത്തെ കുട്ടികള്‍ ഏഴ് വയസാകുമ്പോഴേക്കും ഒരു വര്‍ഷമെങ്കിലും ഇതുപോലുള്ള ചെറിയ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചിലവഴിക്കുന്നുണ്ടെന്നും സിഗ്മന്‍ പറയുന്നു. ഇത് കുട്ടികളുടെ തലച്ചോറില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗാംഗ്ലോയില്‍ നടന്ന റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിഗ്മന്‍. കൂടാതെ ഏറെ സമയം ചെറിയ സ്‌ക്രീനിന് മുന്നില്‍ ചിലവഴിക്കുന്നവര്‍ക്ക് ടൈപ്പ് ടു ഡയബറ്റിസും ഹൃയദസംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

നഴ്‌സറികളില്‍ ടെലിവിഷന്‍ നിരോധിക്കണമെന്നും കുട്ടികള്‍ അവരുടെ കിടപ്പുമുറികളില്‍ ഒരുപാട് സമയം ചിലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഒരു പഠന റിപ്പോര്‍ട്ട് കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. യുവാക്കളിലെ പൊണ്ണത്തടിയൊഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്.